വിജയ്‌യും സംഗീതയും തമ്മിലുള്ള ഊഷ്മള ബന്ധം; മരുമകളെക്കുറിച്ച് അന്ന് അമ്മ ശോഭ പറഞ്ഞ വാക്കുകൾ വീണ്ടും വൈറലാകുന്നു
സംഗീതയെ വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ വിജയ്‌യുടെ പിതാവ് എസ്.എ. ചന്ദ്രശേഖറിനും അവളെ ഏറെ ഇഷ്ടപ്പെട്ടു. പിന്നീട് പിതാവാണ് സംഗീതയെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് വിജയ്‌യോട് ആദ്യമായി ചോദിക്കുന്നത്

നടൻ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചന വാർത്തകൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നതിനിടെ, ഇരുവരുടെയും പഴയകാലത്തെക്കുറിച്ചുള്ള ഓർമ്മകൾ വീണ്ടും ചർച്ചയാകുന്നു. തമിഴ് സിനിമയിലെ മാതൃകാ ദമ്പതികളായി അറിയപ്പെട്ടിരുന്ന ഇവരുടെ ബന്ധത്തെക്കുറിച്ച് വിജയ്‌യും അദ്ദേഹത്തിന്റെ അമ്മ ശോഭ ചന്ദ്രശേഖറും മുൻപ് വിവിധ അഭിമുഖങ്ങളിൽ പങ്കുവെച്ച ഹൃദ്യമായ വാക്കുകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. 'ലവ് ടുഡേ' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് വിജയ് ആദ്യമായി സംഗീതയെ കണ്ടുമുട്ടുന്നത്. തന്റെ കടുത്ത ആരാധകരിൽ ഒരാളായിരുന്ന സംഗീത മാതാപിതാക്കൾക്കൊപ്പമാണ് അന്ന് വിജയ്‌യെ കാണാനെത്തിയത്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ സംഗീതയുടെ സ്വഭാവം തനിക്ക് ഇഷ്ടപ്പെട്ടെന്നും തങ്ങളെപ്പോലെ തന്നെ അവളും അധികം സംസാരിക്കാത്ത പ്രകൃതക്കാരിയാണെന്ന് അന്ന് തോന്നിയെന്നും വിജയ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
സംഗീതയെ വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ വിജയ്‌യുടെ പിതാവ് എസ്.എ. ചന്ദ്രശേഖറിനും അവളെ ഏറെ ഇഷ്ടപ്പെട്ടു. പിന്നീട് പിതാവാണ് സംഗീതയെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് വിജയ്‌യോട് ആദ്യമായി ചോദിക്കുന്നത്. ആ ചോദ്യം തന്നെ അത്ഭുതപ്പെടുത്തിയെന്നും അല്പം സമയം എടുത്ത ശേഷം താൻ സമ്മതം അറിയിക്കുകയായിരുന്നുവെന്നും വിജയ് ഓർത്തെടുത്തു. തുടർന്ന് ഇരു കുടുംബങ്ങളും തമ്മിൽ ആലോചിച്ചാണ് വിവാഹം നടന്നത്. സംഗീതയുടെ വീട്ടമ്മ എന്ന നിലയിലുള്ള മികവിനെ വിജയ്‌യുടെ അമ്മ ശോഭയും പ്രശംസിച്ചിട്ടുണ്ട്. മരുമകൾ അതീവ സുന്ദരിയും സ്നേഹനിധിയുമാണെന്നും കുട്ടികളെ വളർത്തുന്ന കാര്യത്തിൽ അവൾ കാണിക്കുന്ന കരുതൽ മാതൃകാപരമാണെന്നും ശോഭ പറഞ്ഞിരുന്നു. കുട്ടികൾക്ക് നൽകുന്ന ഭക്ഷണവും വെള്ളവും പോലും സ്വയം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ അവൾ നൽകാറുള്ളൂവെന്നും, മക്കളെ നോക്കാൻ ജോലിക്കാരെ മാത്രം ആശ്രയിക്കാത്ത സംഗീതയുടെ രീതി തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ശോഭ ബിഹൈൻഡ്‌വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു
