ഫിറ്റ്‌നസ്സിൽ നായികമാരെയും വെല്ലും; അല്ലു അർജുന്റെ പ്രിയതമ സ്നേഹ റെഡ്ഡിയുടെ ജിം ചിത്രം വൈറൽ
2011 മാർച്ച് ആറിനായിരുന്നു അല്ലു അർജുന്റെയും സ്നേഹയുടെയും വിവാഹം. മക്കളായ അല്ലു അർഹയുടെയും അല്ലു അയാന്റെയും വിശേഷങ്ങൾ സ്നേഹ പതിവായി ആരാധകരുമായി പങ്കുവെക്കാറുണ്ട്

തെലുങ്ക് സിനിമാലോകത്തെ സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുന്റെ ജീവിതസഖി സ്നേഹ റെഡ്ഡി പങ്കുവെച്ച പുതിയ ജിം ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. രണ്ട് കുട്ടികളുടെ അമ്മയാണെങ്കിലും തെന്നിന്ത്യൻ നായികമാരെ പോലും വെല്ലുന്ന ശാരീരികക്ഷമതയും ലുക്കുമാണ് സ്നേഹയെ ആരാധകർക്കിടയിൽ പ്രിയങ്കരിയാക്കുന്നത്. സിനിമാരംഗത്ത് സജീവമല്ലെങ്കിൽ പോലും ഒരു പ്രൊഫഷണൽ മോഡലിനെയോ അത്‌ലറ്റിനെയോ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ശരീരം സംരക്ഷിക്കുന്ന സ്നേഹയുടെ അർപ്പണബോധം പ്രശംസനീയമാണ്. കാർഡിയോ ട്രെയിനിംഗും വെയിറ്റ് ലിഫ്റ്റിംഗും ഉൾപ്പെടെയുള്ള കഠിനമായ വ്യായാമമുറകൾ സ്നേഹ തന്റെ ദിനചര്യയുടെ ഭാഗമാക്കിയിട്ടുണ്ട്. പ്രസവശേഷവും ഫിറ്റ്‌നസ് നിലനിർത്താൻ താരം കാണിക്കുന്ന ഈ താല്പര്യം ഒട്ടേറെ പേർക്ക് പ്രചോദനമാണ്.
അടുത്തിടെയാണ് അല്ലു അർജുനും സ്നേഹയും തങ്ങളുടെ വിവാഹത്തിന്റെ പതിനഞ്ചാം വാർഷികം ആഘോഷിച്ചത്. "15 വർഷങ്ങൾക്കിപ്പുറം സ്നേഹം നിറഞ്ഞ ഒരു ജീവിതം നമ്മൾ കെട്ടിപ്പടുത്തു. മനോഹരമായ രണ്ട് മക്കളും പ്രിയപ്പെട്ട നായ്ക്കുട്ടികളും ഓർമ്മകളും നിറഞ്ഞ ഈ വീടിന് നന്ദി" എന്നായിരുന്നു വിവാഹ വാർഷിക ദിനത്തിൽ സ്നേഹ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. അമേരിക്കയിലെ ഉപരിപഠനം കഴിഞ്ഞ് മടങ്ങിയെത്തിയ സ്നേഹയെ കണ്ട മാത്രയിൽ തന്നെ അല്ലുവിന് പ്രണയം തോന്നിയിരുന്നു. തുടക്കത്തിൽ വീട്ടുകാരുടെ ഭാഗത്തുനിന്ന് ചെറിയ എതിർപ്പുകൾ ഉണ്ടായെങ്കിലും ഇരുവരുടെയും ഉറച്ച പ്രണയത്തിന് മുന്നിൽ ഒടുവിൽ അവർ സമ്മതം മൂളുകയായിരുന്നു.
2011 മാർച്ച് ആറിനായിരുന്നു അല്ലു അർജുന്റെയും സ്നേഹയുടെയും വിവാഹം. മക്കളായ അല്ലു അർഹയുടെയും അല്ലു അയാന്റെയും വിശേഷങ്ങൾ സ്നേഹ പതിവായി ആരാധകരുമായി പങ്കുവെക്കാറുണ്ട്. കുടുംബത്തോടൊപ്പമുള്ള സ്നേഹയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ സ്വീകാര്യതയാണ് സൈബർ ലോകത്ത് ലഭിക്കാറുള്ളത്.
