ഭൂത് ബംഗ്ലായ്ക്ക് മുന്നേ അക്ഷയ് കുമാറിനെ ഞെട്ടിച്ച 'യഥാർത്ഥ' അനുഭവം; മകന്റെ പെരുമാറ്റം ചിന്തിപ്പിച്ചെന്ന് താരം

വീട്ടിൽ അദൃശ്യ സാന്നിധ്യം? അമാനുഷിക ശക്തികളെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റിമറിച്ച സംഭവത്തെക്കുറിച്ച് അക്ഷയ് കുമാർ

താൻ അനുഭവിച്ച അമാനുഷിക അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് താരം അക്ഷയ് കുമാർ രംഗത്തെത്തി. പ്രേതങ്ങളിൽ തനിക്ക് വിശ്വാസമില്ലെങ്കിലും തന്റെ മുൻപത്തെ വീട്ടിൽ വെച്ചുണ്ടായ ഒരു സംഭവം ഏറെ ചിന്തിപ്പിച്ചുവെന്ന് താരം പറഞ്ഞു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'ഭൂത് ബംഗ്ലാ' എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഇന്ത്യാ ടുഡേ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻപ് താമസിച്ചിരുന്ന വീട്ടിൽ ഒരു സ്ത്രീയുടെ സാന്നിധ്യമുള്ളതായി ഭാര്യ ട്വിങ്കിൾ ഖന്ന പലപ്പോഴും പറയാറുണ്ടായിരുന്നെങ്കിലും അന്ന് താൻ അത് കാര്യമാക്കിയിരുന്നില്ലെന്ന് അക്ഷയ് ഓർത്തെടുത്തു. എന്നാൽ അഞ്ചു വയസ്സുകാരനായ മകൻ ആരവ് ഒരിക്കൽ ശൂന്യതയിലേക്ക് നോക്കി 'ഇവിടെ നിൽക്കരുത്, പോകൂ' എന്ന് ആരോടെന്നില്ലാതെ സംസാരിക്കുന്നത് കണ്ടപ്പോൾ താൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയെന്ന് താരം വെളിപ്പെടുത്തി.

ഈ സംഭവത്തിന് ശേഷം അമാനുഷിക ശക്തികളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിൽ മാറ്റം വന്നതായും ലോകത്ത് പോസിറ്റീവ് എനർജി പോലെ തന്നെ നെഗറ്റീവ് ഊർജ്ജങ്ങളും നിലനിൽക്കുന്നുണ്ടാകാമെന്നും അക്ഷയ് അഭിപ്രായപ്പെട്ടു. 16 വർഷങ്ങൾക്ക് ശേഷം അക്ഷയ് കുമാറും പ്രിയദർശനും വീണ്ടും ഒന്നിക്കുന്ന 'ഭൂത് ബംഗ്ലാ' എന്ന ഹൊറർ-കോമഡി ചിത്രം 2026 ഏപ്രിൽ 10-ന് തീയേറ്ററുകളിൽ എത്തും. തബു, പരേഷ് റാവൽ, വാമിഖ ഗബ്ബി, രാജ്പാൽ യാദവ് എന്നിവർ അണിനിരക്കുന്ന ഈ ചിത്രം അന്തരിച്ച മുതിർന്ന നടൻ അസ്രാനിയുടെ അവസാന സിനിമ കൂടിയാണ്.

Related Articles
Next Story