"ആ വരികൾ എന്റേതല്ല, വിവർത്തനം ചെയ്തത് മാത്രം"; കെഡി ഗാനവിവാദത്തിൽ വിശദീകരണവുമായി റക്വീബ് ആലം
നോറ ഫത്തേഹിയുടെ നൃത്തവും അശ്ലീല വരികളും; കന്നഡ ചിത്രം 'കെഡി' നിയമക്കുരുക്കിലേക്ക്

കന്നഡ ചിത്രം 'കെഡി: ദ ഡെവിൾ' സിനിമയിലെ ഗാനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി ഗാനരചയിതാവ് റക്വീബ് ആലം രംഗത്തെത്തി. നോറ ഫത്തേഹിയും സഞ്ജയ് ദത്തും അഭിനയിച്ച ഗാനത്തിലെ വരികൾ അശ്ലീലമാണെന്ന ആക്ഷേപം ശക്തമായതോടെയാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ മറുപടി നൽകിയത്. ഹിന്ദി പതിപ്പിലെ വരികൾ താൻ സ്വന്തമായി എഴുതിയതല്ലെന്നും സംവിധായകൻ പ്രേം കന്നഡയിൽ എഴുതിയ വരികൾ അതേപടി വിവർത്തനം ചെയ്യുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള വരികൾ ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് കാരണമാകുമെന്ന് താൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അണിയറപ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഇത് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാനത്തിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയക്കുകയും ഓൾ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷൻ നിരോധനം ആവശ്യപ്പെടുകയും ചെയ്തതോടെ വലിയ നിയമക്കുരുക്കിലാണ് ചിത്രം. കങ്കണ റണാവത്ത് ഉൾപ്പെടെയുള്ള പ്രമുഖർ പാട്ടിനെതിരെ വിമർശനവുമായി എത്തിയിരുന്നു. ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഗാനത്തിന്റെ ഹിന്ദി പതിപ്പ് യൂട്യൂബിൽ നിന്ന് നീക്കം ചെയ്തു. 'പുഷ്പ' ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ താൻ മുൻപ് എഴുതിയ നല്ല ഗാനങ്ങൾ ആരും ശ്രദ്ധിച്ചില്ലെന്നും ഇപ്പോൾ വിവാദത്തിന്റെ പേരിൽ അപമാനം നേരിടേണ്ടി വരുന്നതിൽ ദുഃഖമുണ്ടെന്നും റക്വീബ് ആലം തന്റെ കുറിപ്പിൽ പറഞ്ഞു
