വാട്ട്സാപ്പിൽ വരുന്ന മെസേജുകളേയോ പത്രവാർത്തകളെയോ അടിസ്ഥാനമാക്കി സിനിമ ചെയ്യാൻ കഴിയില്ലെന്ന് കേരള സ്റ്റോറി 1 ന്റെ സംവിധായകൻ
വിപുൽ അമൃത് ലാൽ ഷാ നിർമിച്ച് കാമാഖ്യ നാരായൺ സിങ് സംവിധാനം ചെയ്യുന്ന കേരളാ സ്റ്റോറി 2 ഈ മാസം 27-ന് റിലീസാകാനിരിക്കെയാണ് സുദീപ്തോ സെൻ ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്

കേരളാ സ്റ്റോറി 2 എന്ന ചിത്രം സംവിധാനം ചെയ്യാതിരുന്നത് എന്താണെന്ന ചോദ്യത്തിന് മറുപടിയുമായി ഈ ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ സംവിധായകൻ സുദീപ്തോ സെൻ. വാട്ട്സാപ്പിൽ വരുന്ന മെസേജുകളേയോ പത്രവാർത്തകളെയോ അടിസ്ഥാനമാക്കി സിനിമ ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വിപുൽ അമൃത് ലാൽ ഷാ നിർമിച്ച് കാമാഖ്യ നാരായൺ സിങ് സംവിധാനം ചെയ്യുന്ന കേരളാ സ്റ്റോറി 2 ഈ മാസം 27-ന് റിലീസാകാനിരിക്കെയാണ് സുദീപ്തോ സെൻ ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും നീക്കം ചെയ്യണമെന്ന് ഹൈക്കോടതി നിർദേശിച്ചിരിക്കുകയാണ്.കേരളാ സ്റ്റോറിയുടെ ആദ്യഭാഗത്തിനുവേണ്ടി താൻ 10 വർഷത്തോളം ഗവേഷണം നടത്തിയെന്ന് സുദീപ്തോ സെൻ ഇന്ത്യാ ടുഡേയോട് പ്രതികരിച്ചു. ആ സിനിമയിലെ ഓരോ വാക്കിനും ദൃശ്യത്തിനും തനിക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയും. രണ്ടാം ഭാഗത്തിന്റെ പ്രമേയം കേരളത്തിന് പുറത്തേക്ക്, മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്ന ഒന്നാണെങ്കിൽ, തനിക്ക് വാട്ട്‌സ്ആപ്പ് ഫോർവേഡുകളെയോ പത്രവാർത്തകളെയോ ആശ്രയിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"സങ്കീർണ്ണമായ വിഷയങ്ങൾക്ക് ആഴത്തിലുള്ള ഗവേഷണവും ദീർഘകാല പഠനവും ആവശ്യമാണ്. ആ അടിത്തറയില്ലാതെ, അത് ഉത്തരവാദിത്തത്തോടെ സംവിധാനം ചെയ്യാൻ എനിക്ക് തോന്നില്ല," അദ്ദേഹം പറഞ്ഞു.
പുരാതനമായ ചരക് ഉത്സവത്തിന്റെ പശ്ചാത്തലത്തിലുള്ള ചരക് ആണ് സുദീപ്തോ സെൻ സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മനുഷ്യമാംസം കഴിക്കുന്ന രംഗം ഉൾപ്പെട്ടതിനാൽ ചിത്രത്തിന് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയിട്ടില്ല. മനുഷ്യരെ കൊന്ന് ആഹാരമാക്കുന്ന രംഗങ്ങളിൽ പലയിടത്തും എഡിറ്റിങ് നടത്തണമെന്ന് ബോർഡ് നിർദേശിച്ചതായി സുദീപ്തോ സെൻ പറഞ്ഞിരുന്നു. ചിത്രം ഒരു പ്രത്യയശാസ്ത്രപരമായ ചർച്ചയ്ക്ക് പ്രേരിപ്പിക്കാനല്ല ശ്രമിക്കുന്നത്. മറിച്ച് നിയമവിരുദ്ധവും അന്ധവിശ്വാസപരവുമായ രീതികൾ തുറന്നുകാട്ടാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
അഞ്ജലി പാട്ടീൽ, സഹീദുർ റഹ്മാൻ, സുബ്രത് ദത്ത, ശശി ഭൂഷൺ, നൽനീഷ് നീൽ, ശങ്കദ്വീപ്, ശൗനക് ശ്യാമൽ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രം മാർച്ച് ആറിന് തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം
