കൽക്കിയിലെ 10 ദിനങ്ങൾക്ക് 150 കോടി; ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി കമൽഹാസൻ

നാഗ് അശ്വിൻ സംവിധാനം ചെയ്ത് 2024-ൽ ആഗോളതലത്തിൽ തരംഗമായ 'കൽക്കി 2898 എ.ഡി.' എന്ന ചിത്രത്തിലെ കമൽഹാസന്റെ പ്രതിഫലത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്ത്

നാഗ് അശ്വിൻ സംവിധാനം ചെയ്ത് 2024-ൽ ആഗോളതലത്തിൽ തരംഗമായ 'കൽക്കി 2898 എ.ഡി.' എന്ന ചിത്രത്തിലെ കമൽഹാസന്റെ പ്രതിഫലത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്ത്. ചിത്രത്തിൽ 'സുപ്രീം യാസ്കിൻ' എന്ന പ്രതിനായക വേഷം കൈകാര്യം ചെയ്ത കമൽഹാസൻ, വെറും 10 ദിവസത്തെ ചിത്രീകരണത്തിനായി 150 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയതെന്ന് നടനും സംവിധായകനുമായ യുഗി സേതു വെളിപ്പെടുത്തി. ഇതോടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ എന്ന വിശേഷണം കമൽഹാസന് സ്വന്തമായിരിക്കുകയാണ്. കൽക്കിയുടെ നിർമ്മാതാവ് അശ്വനി ദത്തിനെ ഉദ്ധരിച്ചാണ് യുഗി സേതു ഈ കാര്യങ്ങൾ പങ്കുവെച്ചത്.

നേരത്തെ കമൽഹാസൻ 20 കോടിയോ 100 കോടിയോ ആണ് വാങ്ങിയതെന്ന തരത്തിൽ പല റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. എന്നാൽ താൻ നേരിട്ട് കണക്കുകൾ സൂചിപ്പിച്ചപ്പോൾ 20 ദിവസം പോലുമല്ല, വെറും 10 ദിവസത്തെ കോൾഷീറ്റിനാണ് ഈ തുക നൽകിയതെന്ന് നിർമ്മാതാവ് തന്നെ വ്യക്തമാക്കിയതായി യുഗി സേതു പറഞ്ഞു. അതായത് ഒരു ദിവസം ഏകദേശം 20 ലക്ഷം ഡോളർ (18 കോടിയിലധികം രൂപ) ആണ് ലോകനായകൻ കൈപ്പറ്റിയത്. പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ തുടങ്ങിയ വമ്പൻ താരനിരയുണ്ടായിരുന്നിട്ടും കമൽഹാസന്റെ പ്രകടനമാണ് സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിന് ആവേശം പകരുന്നത്. വരാനിരിക്കുന്ന രണ്ടാം ഭാഗത്തിലും കമൽഹാസന്റെ കഥാപാത്രം തന്നെയായിരിക്കും പ്രധാന ആകർഷണം.

Related Articles
Next Story