യാഷ് ചിത്രം ടോക്സിക്കിന്റെ വിതരണാവകാശം വിറ്റ്പോയത് 120 കോടിക്ക്
കെ ജി എഫ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം യാഷ് നായകനായി എത്തുന്ന ചിത്രം മലയാളി സംവിധായിക ഗീതു മോഹൻദാസ് ആണ് ഒരുക്കുന്നത്

യാഷിന്റെ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ അപ്പ്സ്' ചിത്രത്തിന്‍റെ വിതരണ അവകാശം വിറ്റ് പോയത് റെക്കോർഡ് തുകക്ക്. ദിൽ രാജുവിന്റെ നേതൃത്വത്തിലുള്ള ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് ചിത്രത്തിന്റെ ആന്ധ്രാപ്രദേശ്, തെലങ്കാന വിതരണാവകാശം 120 കോടി രൂപക്കാണ് സ്വന്തമാക്കിയത്.
തെലുങ്ക് ഇതര ഭാഷാ ചിത്രങ്ങളിൽ ഒരു സിനിമയ്ക്ക് ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. ആന്ധ്ര-തെലങ്കാന വിതരണാവകാശത്തിനായി മൂന്ന് പ്രമുഖ കമ്പനികൾ രംഗത്തുണ്ടായിരുന്നെങ്കിലും, ഒടുവിൽ എസ്.വി.സി ഈ കരാർ ഉറപ്പിക്കുകയായിരുന്നു. കെ.ജി.എഫ് ചാപ്റ്റർ 2-ന് ശേഷം തെലുങ്ക് സംസ്ഥാനങ്ങളിൽ യാഷിന് ലഭിക്കുന്ന സ്വീകാര്യതയും ഈ വലിയ ബിസിനസ്സ് തുകയിൽ പ്രതിഫലിക്കുന്നു.യാഷും ഗീതു മോഹൻദാസും ചേർന്ന് എഴുതി, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്സ്' ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി നിരവധി ഭാഷകളിൽ മൊഴിമാറ്റം ചെയ്ത് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും.
ദേശീയ അവാർഡ് ജേതാവ് രാജീവ് രവി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് രവി ബസ്‌റൂർ സംഗീതം നൽകുന്നു. ഉജ്ജ്വൽ കുൽക്കർണിയാണ് എഡിറ്റർ, പ്രൊഡക്ഷൻ ഡിസൈൻ ടി.പി. ആബിദ്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി (ജോൺ വിക്ക്), ദേശീയ അവാർഡ് ജേതാക്കളായ അൻബറിവ്, കെച്ച ഖംഫക്ടി എന്നിവർ ചേർന്നാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.
കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണനും യാഷും ചേർന്ന് നിർമ്മിക്കുന്ന ടോക്സിക്, 2026 മാർച്ച് 19-ന് ഈദ്, ഉഗാദി, ഗുഡി പദ്‌വ ആഘോഷങ്ങളോടനുബന്ധിച്ച് ലോകമെമ്പാടും റിലീസ് ചെയ്യും
