പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം ' ജനുവരി 16 മുതൽ
ഈ ചിത്രത്തിന്റെ മനോഹരമായ കല്യാണക്കുറി പോലുള്ള പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

ചീങ്കല്ലേൽ ഫിലിംസിന്റെ ബാനറിൽ ജോസ് കൂട്ടക്കര നിർമ്മിച്ച് സുരേന്ദ്രൻ പയ്യാനക്കൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ 'പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം ' ജനുവരി 16 മുതൽ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ഉണ്ണിരാജ, സി.എം ജോസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ഹാസ്യത്തിന്റെ രസക്കൂട്ടുകൾ ചാലിച്ച് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ മനോഹരമായ കല്യാണക്കുറി പോലുള്ള പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.വയനാട്ടിലെ കാപ്പി കർഷകനും ഫ്ലോർമിൽ ഉടമസ്ഥനുമായ 40 വയസ് കഴിഞ്ഞ പുഷ്പാംഗദൻ ഏറേ നാളത്തെ വിവാഹാലോചനകൾക്കു ശേഷം ഒടുവിൽ സുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടെത്തുന്നു. വിവാഹത്തിനായുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുമ്പോൾ കല്യാണത്തലേന്ന് പുഷ്പാംഗദന്റെ മൂന്ന് അമ്മാവന്മാരും അവരുടെ കുടുംബാംഗങ്ങളും മറ്റു ബന്ധുക്കളും എത്തുന്നു. തുടർന്നുണ്ടാവുന്ന സംഭവബഹുലമായ നർമ്മ മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.കോമഡി റൊമാന്റിക് ജോണറിൽ വയനാടിന്റെ പശ്ചാത്തലത്തിൽ പൂർണമായും ചിത്രീകരിച്ച ഈ ചിത്രം ജനുവരി 16 ന് തിയേറ്ററിൽ എത്തും. ഉണ്ണിരാജ, സി.എം. ജോസ് എന്നിവരെ കൂടാതെ ഗിനീഷ് ഗോവിന്ദ്,രമേഷ് കാപ്പാട്,റോയ് പുനലൂർ എന്നിവർ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു
