റിലീസ് മാറ്റി സൽമാൻ ഖാൻ ചിത്രം ബാറ്റിൽ ഓഫ് ഗൽവാൻ

ബോളിവുഡ് താരം സൽമാൻ ഖാൻ മുഖ്യവേഷത്തിലെത്തുന്ന ‘ബാറ്റിൽ ഓഫ് ഗൽവാൻ’ റിലീസ് തീയതി മാറ്റിയതായി റിപ്പോർട്ട്. നേരത്തെ ഏപ്രിൽ 17ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാൽ ചിത്രം ഓഗസ്റ്റ് 14 ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തിയറ്ററുകളിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അപൂർവ ലാഖിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോഴും പൂർണമായിട്ടില്ലെന്നതാണ് റിലീസ് മാറ്റാനുള്ള പ്രധാന കാരണം. സിനിമയുടെ ഗുണനിലവാരം ഉറപ്പാക്കാൻ കൂടുതൽ സമയം വേണ്ടിവന്നതോടെയാണ് നിർമ്മാതാക്കൾ റിലീസ് തീയതി മാറ്റാൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
2020-ൽ ഇന്ത്യ-ചൈന അതിർത്തിയായ ഗൽവാൻ താഴ്‌വരയിൽ നടന്ന സംഘർഷം ആസ്പദമാക്കിയാണ് ‘ബാറ്റിൽ ഓഫ് ഗൽവാൻ’ ഒരുക്കുന്നത്. അതുകൊണ്ടുതന്നെ ശക്തമായ ദേശസ്നേഹ പശ്ചാത്തലമുള്ള ചിത്രം എന്ന നിലയിൽ സ്വാതന്ത്ര്യദിന റിലീസ് ഏറ്റവും അനുയോജ്യമാണെന്ന് അണിയറ പ്രവർത്തകർ വിലയിരുത്തുന്നു. സൽമാൻ ഖാന്റെ കരിയറിലെ തന്നെ വലിയ പ്രോജക്ടുകളിലൊന്നായി കണക്കാക്കപ്പെടുന്ന ചിത്രം സ്വാതന്ത്ര്യദിന വാരത്തിൽ റിലീസ് ചെയ്യുന്നത് ബോക്സ് ഓഫീസിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നാണ് സിനിമാ അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ഗൽവാൻ താഴ്വരയിലെ സംഘർഷം പ്രമേയമാക്കുന്നതിനെതിരെ ചൈനീസ് മാധ്യമങ്ങൾ ഇതിനകം വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
