മരിക്കാൻ പോവുകയാണെന്ന് ഇൻസ്റ്റാഗ്രാം ലൈവിലൂടെ വെളിപ്പെടുത്തിയ ശേഷം വാഹനം ഡിവൈഡറിലേക്ക് ഇടിച്ചുകയറ്റി ജീവനൊടുക്കാൻ ശ്രമിച്ച് മോട്ടോവ്ലോഗറും ബിഗ് ബോസ് 17 മത്സരാർഥിയുമായ അനുരാഗ് ദോഭാൽ

കുടുംബപ്രശ്നങ്ങളും വ്യക്തിജീവിതത്തിലെ തകർച്ചയുമാണ് അനുരാഗിനെ ഇത്തരമൊരു കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന

പ്രശസ്ത മോട്ടോവ്ലോഗറും ബിഗ് ബോസ് 17 മുൻ മത്സരാർഥിയുമായ അനുരാഗ് ദോഭാൽ (UK07 റൈഡർ) ഇൻസ്റ്റാഗ്രാം ലൈവിലൂടെ മരിക്കാൻ പോവുകയാണെന്ന് വെളിപ്പെടുത്തിയ ശേഷം വാഹനം ഡിവൈഡറിലേക്ക് ഇടിച്ചുകയറ്റി ജീവനൊടുക്കാൻ ശ്രമിച്ചു. ഗാസിയാബാദിലെ ഡൽഹി-മീററ്റ് എക്സ്പ്രസ് വേയിൽ വെച്ചായിരുന്നു നടുക്കുന്ന സംഭവം. ഏകദേശം 150 കിലോമീറ്ററിലധികം വേഗതയിൽ എസ്‌യുവി ഓടിച്ചുക്കൊണ്ട് ലൈവിലെത്തിയ അനുരാഗ്, താൻ പൂർണ്ണമായും ഒറ്റപ്പെട്ടതായും സ്നേഹത്തിനായി കൊതിക്കുന്നതായും പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. "അടുത്ത ജന്മത്തിൽ വരുമ്പോൾ അമ്മ എനിക്ക് സ്നേഹം നൽകണം, ഇത് അവസാനത്തെ യാത്രയാണ്, വിട" എന്ന് അലറിക്കൊണ്ട് അദ്ദേഹം സ്റ്റിയറിങ് വലതുവശത്തേക്ക് വെട്ടിക്കുകയായിരുന്നു. 80,000-ത്തോളം പേർ തത്സമയം കണ്ടുകൊണ്ടിരിക്കെയായിരുന്നു ഈ അപകടം. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നു.

കുടുംബപ്രശ്നങ്ങളും വ്യക്തിജീവിതത്തിലെ തകർച്ചയുമാണ് അനുരാഗിനെ ഇത്തരമൊരു കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന. മറ്റൊരു ജാതിയിലുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരിൽ മാതാപിതാക്കളിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിട്ടിരുന്നതായി അദ്ദേഹം ലൈവിൽ ആരോപിച്ചു. വിവാഹത്തിന് ശേഷം ഭാര്യ റിതിക കൂടി ഉപേക്ഷിച്ചു പോയതോടെ താൻ വലിയ വിഷാദത്തിലായെന്നും ജീവിതം നരകതുല്യമാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിനുപുറമെ, ചെറുപ്പത്തിലെ ബാധിച്ച ബ്രെയിൻ ട്യൂമറും പഠനത്തിനായി വീട്ടുകാർ നൽകിയ അമിത സമ്മർദ്ദവും തന്നെ തളർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. റോഡിൽ പരിക്കുകളോടെ കിടന്ന അനുരാഗിനെ നാട്ടുകാരാണ് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചത്. സോഷ്യൽ മീഡിയയിൽ ഏഴ് മില്യണിലധികം ഫോളോവേഴ്സുള്ള താരത്തിന്റെ ഈ വാർത്ത വലിയ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്.

Related Articles
Next Story