'കേരള സ്റ്റോറി 2' പാൻ ഇന്ത്യൻ സിനിമയാണെന്നും ഇന്ത്യയിലൊട്ടാകെ നടക്കുന്ന കാര്യമാണ് പറയുന്നതെന്നുമാണ് വിപുൽ അമൃത്‌ലാൽ

കേരള സ്റ്റോറി 2' എന്ന സിനിമയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

കാമാഖ്യ നാരായൺ സിങ് സംവിധാനം ചെയ്ത 'കേരള സ്റ്റോറി 2' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്നിരുന്നു. കേരളത്തെ തെറ്റായി ചിത്രീകരിച്ചുവെന്നും ഈ സിനിമ സംസ്ഥാനത്തെ അപമാനിക്കുന്നുവെന്നും ആരോപിച്ചുകൊണ്ട് സോഷ്യൽമീഡിയയിലടക്കം ചർച്ച സജീവമാവുകയും ചെയ്തു. എന്നാൽ 'കേരള സ്റ്റോറി 2 കേരളത്തെക്കുറിച്ചല്ലെന്നാണ് ചിത്രത്തിന്റെ നിർമാതാവ് വിപുൽ അമൃത്‌ലാൽ പറയുന്നത്.'കേരള സ്റ്റോറി 2' എന്ന സിനിമയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലവ് ജിഹാദിന് ഇരയായവരെന്ന് അവകാശപ്പെടുന്ന ഇന്ത്യയിലെ പല ഭാഗങ്ങളിൽനിന്നുള്ള സ്ത്രീകളെ വേദിയിലെത്തിച്ചാണ് അണിയറപ്രവർത്തകർ മാധ്യമങ്ങളെ കണ്ടത്. സത്രീകൾ അവരുടെ അനുഭവങ്ങളും കോടതിയിൽ നിലനിന്ന കേസുകളുമെല്ലാം അവിടെ വിശദീകരിച്ചു. എന്നാൽ ഇവരിൽ ആരും മലയാളികൾ ആയിരുന്നില്ല.

തുടർന്ന് ചിത്രത്തിന്റെ നിർമാതാവായ വിപുൽ അമൃത്‌ലാൽ ഷായോടും സംവിധായകൻ കാമാഖ്യ നാരായൺ സിങ്ങിനോടും ഈ സിനിമയുടെ കേരളവുമായുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കാൻ മാധ്യമപ്രവർത്തകർ പറഞ്ഞപ്പോഴായിരുന്നു ചിത്രത്തിന് കേരളവുമായി ബന്ധമില്ലെന്ന് വിപുൽ അമൃത്‌ലാൽ പ്രതികരിച്ചത്. എന്നാൽ കേരളാ സ്‌റ്റോറി ഒന്നാം ഭാഗം കേരളവുമായി ബന്ധപ്പെട്ടതാണെന്നും അതിൽ പ്രതിപാദിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട 26 പേരെ തങ്ങൾ ഹാജരാക്കിയിരുന്നു എന്നും വിപുൽ അമൃത്‌ലാൽ കൂട്ടിച്ചേർത്തു. 'കേരള സ്റ്റോറി 2' പാൻ ഇന്ത്യൻ സിനിമയാണെന്നും ഇന്ത്യയിലൊട്ടാകെ നടക്കുന്ന കാര്യമാണ് പറയുന്നതെന്നുമാണ് വിപുൽ അമൃത്‌ലാൽ വിശദീകരിച്ചത്.കാമാഖ്യ നാരായൺ സിങ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഉൽക്ക ഗുപ്ത, അദിതി ഭാട്ടിയ, ഐശ്വര്യ ഓജ എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതോടെ രാജ്യവ്യാപകമായി വലിയ രാഷ്ട്രീയ സംവാദങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം വലിയ പ്രതിഷേധമാണ് കേരളത്തിൽ ഉയർത്തിയത്. ചിത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു

Related Articles
Next Story