'ധുരന്ധർ 2' കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രദർശനം തടസ്സപ്പെട്ടു; നിരാശയിൽ ആരാധകർ

ഹിന്ദിക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. എന്നാൽ ഹിന്ദി പതിപ്പ് ഒഴികെയുള്ള മറ്റ് ഭാഷാ പതിപ്പുകളുടെ പ്രിവ്യൂ ഷോകളാണ് ഇപ്പോൾ മുടങ്ങിയിരിക്കുന്നത്

ബോളിവുഡിൽ നിന്ന് റിലീസ് ചെയ്ത് ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ച 'ധുരന്ധർ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 'ധുരന്ധർ 2: ദി റിവെഞ്ച്' റിലീസിന് മുന്നോടിയായി വലിയൊരു പ്രതിസന്ധി നേരിടുകയാണ്. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ നാലാമത്തെ വിജയമായി മാറിയ ആദ്യ ഭാഗത്തിന് ശേഷം, വെറും മൂന്ന് മാസത്തിനുള്ളിൽ തന്നെ രണ്ടാം ഭാഗം എത്തുന്നു എന്ന അപൂർവ്വതയോടെയാണ് ചിത്രം നാളെ തിയറ്ററുകളിൽ എത്താനിരുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 4.45 മുതൽ രാജ്യവ്യാപകമായി പ്രിവ്യൂ ഷോകൾ പ്ലാൻ ചെയ്തിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം തെന്നിന്ത്യൻ ഭാഷകളിലെ പ്രദർശനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്.

ഹിന്ദിക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. എന്നാൽ ഹിന്ദി പതിപ്പ് ഒഴികെയുള്ള മറ്റ് ഭാഷാ പതിപ്പുകളുടെ പ്രിവ്യൂ ഷോകളാണ് ഇപ്പോൾ മുടങ്ങിയിരിക്കുന്നത്. നിർമ്മാതാക്കളിൽ നിന്ന് ലഭിക്കേണ്ട ഡിജിറ്റൽ ഉള്ളടക്കവും (KDM - Key Delivery Message) ലഭ്യമാകാത്തതാണ് ഇതിന് കാരണമായി പറയുന്നത്. കേരളത്തിലെ കൊച്ചി, തിരുവനന്തപുരം അടക്കമുള്ള നഗരങ്ങളിലും ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലും സമാനമായ സാഹചര്യമാണുള്ളത്. ഹിന്ദി പതിപ്പിന്റെ പ്രദർശനം ആരംഭിച്ചെങ്കിലും അതിനൊപ്പം സബ്‌ടൈറ്റിലുകൾ ലഭ്യമാകാത്തതും പ്രേക്ഷകരെ വലയ്ക്കുന്നുണ്ട്.

വൻതോതിലുള്ള അഡ്വാൻസ് ബുക്കിംഗ് നടന്ന സാഹചര്യത്തിൽ ഷോകൾ റദ്ദാക്കേണ്ടി വന്നത് തിയറ്റർ ഉടമകൾക്കും ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾക്കും വലിയ തലവേദനയായിരിക്കുകയാണ്. കേരളത്തിൽ മാത്രം പ്രിവ്യൂ ഷോകൾക്കായി ഒരു കോടി രൂപയിൽ അധികം ചിത്രം കളക്ട് ചെയ്തിരുന്നു. സാങ്കേതിക തകരാറുകൾ എത്രയും വേഗം പരിഹരിച്ച് പ്രദർശനം പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രവർത്തകരും പ്രേക്ഷകരും.

Related Articles
Next Story