കമൽ ചിത്രത്തിൽ രജനികാന്തിന് പ്രതിഫലം 225 കോടി
തലൈവർ 174 X കെ.എച്ച് 238 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ കൂടുതൽ അപ്ഡേറ്റുകൾക്കായി ആരാധകർ കാത്തിരിക്കുകയാണ്

പതിറ്റാണ്ടുകൾക്ക് ശേഷം സൂപ്പർസ്റ്റാർ രജനീകാന്തും കമൽഹാസനും വീണ്ടും ഒന്നിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ചിത്രം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ പദ്ധതിക്കായി രജനീകാന്തിന് 225 കോടി രൂപ പ്രതിഫലം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വലൈ പേച്ചു റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, വരാനിരിക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് രജനീകാന്തിന് 225 കോടി രൂപ പ്രതിഫലം ലഭിക്കും. തലൈവർ 174 X കെ.എച്ച് 238 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ അപ്ഡേറ്റുകൾക്കായി ആരാധകർ കാത്തിരിക്കുകയാണ്. സൗഹൃദമാണ് ചിത്രത്തിന്‍റെ പ്രമേയമെന്നും കോമഡിയുടെ അകമ്പടിയോടെയാണ് അവതരണമെന്നുമാണ് റിപ്പോർട്ട്.ജയിലർ 2ന് വേണ്ടി രജനീകാന്തിന് 150 കോടി രൂപ പ്രതിഫലം ലഭിച്ചതായാണ് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. ഇതിൽ ചിത്രത്തിന്‍റെ നിർമാതാക്കൾ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. വരാനിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നെൽസൺ ദിലീപ്കുമാറാണെന്നാണ് വിവരം. 80-കളിലെ ശൈലിയിലുള്ള വിന്റേജ് സെറ്റപ്പിൽ താരങ്ങളെ അവതരിപ്പിക്കുന്ന പ്രൊമോ ഷൂട്ട് അടുത്തിടെ പൂർത്തിയായതായും റിപ്പോർട്ടുണ്ട്.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2 എന്ന ചിത്രത്തിലാണ് രജനീകാന്ത് അടുത്തതായി പ്രധാന വേഷത്തിൽ എത്തുന്നത്. മോഹൻലാലും ശിവ രാജ്കുമാറും വീണ്ടും അവരുടെ വേഷങ്ങൾ അവതരിപ്പിക്കുന്ന, ജയിലറിന്‍റെ രണ്ടാം ഭാഗമായ ചിത്രത്തിൽ വിദ്യാ ബാലനും മിഥുൻ ചക്രവർത്തിയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
