ധ്യാനിന്റെ ‘കല്യാണമരം’ മാർച്ച് 27-ന് തിയറ്ററുകളിലേക്ക്

മാളികപ്പുറത്തിലെ ദേവനന്ദയും മീരാ വാസുദേവും ധ്യാനിനൊപ്പം; കുടുംബകഥയുമായി ‘കല്യാണമരം’.

ധ്യൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രം 'കല്യാണമരം' മാർച്ച് 27-ന് തിയറ്ററുകളിലെത്തുന്നു. സിനിമയുടെ റിലീസ് സംബന്ധിച്ച വിവരങ്ങൾ സംവിധായകൻ രാജേഷ് അമനകരയും നിർമ്മാതാവ് സജി കെ. ഏലിയാസും മറ്റ് അണിയറ പ്രവർത്തകരും പങ്കുവെച്ച വാർത്താ സമ്മേളനത്തിലാണ് പുറത്തുവിട്ടത്. മറിയം സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ഫാമിലി എന്റർടൈനറിൽ മീരാ വാസുദേവ്, ആതിര പട്ടേൽ, പ്രശസ്ത ബാലതാരം ദേവനന്ദ ജിബിൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ധ്യാൻ ശ്രീനിവാസന്റെ മുൻകാല ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ 'സജിൻ മാഷ്' എന്ന കഥാപാത്രത്തെയാണ് താരം ഇതിൽ അവതരിപ്പിക്കുന്നത്.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം മീരാ വാസുദേവ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 'മാളികപ്പുറം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ദേവനന്ദയുടെ 'മല്ലിക' എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാകുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. യുവതാരങ്ങളായ ആതിര പട്ടേലും പ്രശാന്ത് മുരളിയും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ചിത്രം തികച്ചും വ്യത്യസ്തമായ ഒരു കുടുംബകഥയാണ് പറയുന്നതെന്ന് സംവിധായകൻ രാജേഷ് അമനകര വ്യക്തമാക്കി. മനോജ് കെ.യു, സഞ്ജു നൊടുകുന്നേൽ, മനോജ് പണിക്കർ, അമൽ രാജ് ദേവ്, ഓമനയമ്മ എന്നിവർക്കൊപ്പം നിർമ്മാതാവ് സജി കെ. ഏലിയാസും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

വള്ളുവനാടൻ സിനിമാ കമ്പനിയാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. രജീഷ് രാമൻ ഛായാഗ്രഹണവും വിദ്യ രാജേഷ് കഥയും പ്രദീപ് കെ. നായർ സംഭാഷണവും നിർവഹിച്ചിരിക്കുന്നു. അജയ് ജോസഫിന്റെ സംഗീതത്തിന് സന്തോഷ് വർമ്മയാണ് വരികൾ എഴുതിയിരിക്കുന്നത്. ഷാജി പട്ടിക്കര (പ്രൊഡക്ഷൻ കൺട്രോളർ), സഹസ് ബാല (കല), രതിൻ രാധാകൃഷ്ണൻ (എഡിറ്റിങ്) എന്നിങ്ങനെ പ്രമുഖരുടെ നിര തന്നെ അണിയറയിൽ പ്രവർത്തിക്കുന്നു. പി.ആർ. സുമേരനാണ് ചിത്രത്തിന്റെ വാർത്താപ്രചരണം നിർവഹിക്കുന്നത്.

Related Articles
Next Story