'ദൃശ്യം 3' സസ്പെൻസ് പൊളിച്ചോ? ലാലേട്ടന്റെ മകളുടെ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തി നടൻ ലിഷോയ്; ആവേശത്തിലും ആശങ്കയിലും ആരാധകർ
ഏപ്രിൽ 2-ന് ചിത്രം തിയറ്ററുകളിൽ എത്താനിരിക്കെയാണ് ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും കുടുംബബന്ധങ്ങളെക്കുറിച്ചും താരം മനസ്സ് തുറന്നത്

കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഫ്രാഞ്ചൈസികളിലൊന്നായ 'ദൃശ്യം' മൂന്നാം ഭാഗത്തിന്റെ ആവേശകരമായ കാത്തിരിപ്പിനിടെ, ചിത്രത്തിലെ പ്രധാന വഴിത്തിരിവ് വെളിപ്പെടുത്തി നടൻ ലിഷോയ്. ഏപ്രിൽ 2-ന് ചിത്രം തിയറ്ററുകളിൽ എത്താനിരിക്കെയാണ് ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും കുടുംബബന്ധങ്ങളെക്കുറിച്ചും താരം മനസ്സ് തുറന്നത്. ഇതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും സ്പോയിലർ വിവാദങ്ങൾക്കും തുടക്കമായിരിക്കുകയാണ്.തന്റെ പുതിയ ചിത്രമായ 'ഇനിയും' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ലിഷോയ് ദൃശ്യം 3-നെക്കുറിച്ച് സംസാരിച്ചത്."ദൃശ്യം 3-ൽ ഞാൻ അഭിനയിക്കുന്നുണ്ട്. മോഹൻലാലിന്റെ മകളെ കല്യാണം കഴിച്ചുകൊണ്ടുവരുന്നത് എന്റെ മകനാണ്. അത്രയേ ഇപ്പോൾ പറയാൻ പറ്റൂ," ഇതായിരുന്നു ലിഷോയിയുടെ വാക്കുകൾ.ജോർജ്ജുകുട്ടിയുടെ മകളുടെ വിവാഹവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണോ മൂന്നാം ഭാഗത്തിന്റെ ഇതിവൃത്തമെന്ന ചർച്ചകൾക്ക് ഈ വെളിപ്പെടുത്തൽ ആക്കം കൂട്ടിയിട്ടുണ്ട്.ചിത്രത്തിന്റെ റിലീസിന് ഒരു മാസം മാത്രം ബാക്കിനിൽക്കെ, പ്രധാനപ്പെട്ട ഒരു വിവരം പുറത്തുവിട്ടതിൽ ആരാധകർക്കിടയിൽ പ്രതിഷേധം ഉയരുന്നുണ്ട്. സസ്പെൻസ് നിലനിർത്തേണ്ട ഭാഗങ്ങൾ ഇത്തരത്തിൽ വെളിപ്പെടുത്തുന്നത് സിനിമ കാണുമ്പോഴുള്ള ആവേശം കെടുത്തുമെന്ന് ഒരു വിഭാഗം സിനിമാപ്രേമികൾ ആരോപിക്കുന്നു.അതേസമയം, ചിത്രത്തിലെ കഥ ചോരാതിരിക്കാൻ സംവിധായകൻ ജീത്തു ജോസഫ് വലിയ മുൻകരുതലുകൾ എടുത്തിട്ടുള്ളതായാണ് വിവരം. ഭൂരിഭാഗം അഭിനേതാക്കൾക്കും ചിത്രത്തിന്റെ പൂർണ്ണരൂപം അറിയില്ല. ഓരോരുത്തർക്കും അവരുടെ സീനുകൾ മാത്രമാണ് ചിത്രീകരണ സമയത്ത് വിശദീകരിച്ചു നൽകിയിരിക്കുന്നത്. വലിയ പ്രതീക്ഷകളോടെയല്ലാതെ ചിത്രം കാണാൻ എത്തണമെന്ന് ജീത്തു ജോസഫ് നേരത്തെ പ്രേക്ഷകരോട് അഭ്യർത്ഥിച്ചിരുന്നു.
റീമേക്കുകളിലൂടെ ഇന്ത്യയൊട്ടാകെ തരംഗമായ ദൃശ്യം പരമ്പരയുടെ ക്ലൈമാക്സ് എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ലിഷോയിയുടെ വെളിപ്പെടുത്തൽ കഥയിൽ നിർണ്ണായകമാണോ അതോ അതൊരു വഴിതിരിച്ചുവിടലാണോ എന്നറിയാൻ ഏപ്രിൽ 2 വരെ കാത്തിരിക്കേണ്ടി വരും.
