സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾ തളർത്തി; തന്നെ എന്തിന് ആട് 3 യിൽ എടുത്തു എന്ന ചോദ്യം വേദനിപ്പിച്ചെന്ന് ഫുക്രു

'ആട് 3'-ലെ തൻ്റെ സാന്നിധ്യം സിനിമയെ ബാധിക്കുമോ എന്ന് ഭയന്നു; സൈബർ ആക്രമണങ്ങളിൽ മനസ്സ് തുറന്ന് ഫുക്രു

ടിക് ടോക്ക് വീഡിയോകളിലൂടെയും ബിഗ് ബോസ് മലയാളത്തിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനായ കൃഷ്ണ ജീവ് എന്ന ഫുക്രു, മലയാള സിനിമയിലെ വലിയ പ്രതീക്ഷയായ 'ആട് 3'-ൽ ഒരു പ്രധാന വേഷത്തിൽ എത്തുകയാണ്. എന്നാൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വേളയിൽ താരങ്ങൾക്കൊപ്പം ഒരു ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഫുക്രുവിന് നേരിടേണ്ടി വന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖത്തിനിടെയാണ് തന്നെ ഈ വിമർശനങ്ങൾ എത്രത്തോളം ബാധിച്ചുവെന്ന് ഫുക്രു തുറന്നു പറഞ്ഞത്. തന്നെ എന്തിനാണ് സിനിമയിലെടുത്തതെന്നും താൻ വന്നതോടെ സിനിമയുടെ കാര്യത്തിൽ തീരുമാനമായെന്നുമുള്ള തരത്തിലുള്ള കമന്റുകൾ തന്നെ മാനസികമായി തളർത്തിയെന്ന് താരം വെളിപ്പെടുത്തി.

സിനിമയിലെ ആരാധകർക്ക് പ്രിയപ്പെട്ട ഏതെങ്കിലും കഥാപാത്രത്തിന് പകരക്കാരനായാണ് താൻ വരുന്നത് എന്ന് തെറ്റിദ്ധരിച്ചതാണ് ഇത്രയും വലിയ സൈബർ ബുളളിയിംഗിന് കാരണമായതെന്ന് ഫുക്രു കരുതുന്നു. തന്റെ സാന്നിധ്യം സിനിമയ്ക്ക് ദോഷമാകുമോ എന്നതായിരുന്നു തന്റെ പ്രധാന ആശങ്കയെന്നും താരം പറഞ്ഞു. "100 വാട്ടിന്റെ ബൾബ് പോലെ തിളങ്ങിനിന്ന ഞാൻ പെട്ടെന്ന് സീറോ വാട്ടായി പോയി" എന്നാണ് അന്നത്തെ മാനസികാവസ്ഥയെക്കുറിച്ച് ഫുക്രു വിവരിച്ചത്. തന്നെ എന്ത് പറഞ്ഞാലും കുഴപ്പമില്ലെന്നും എന്നാൽ താൻ കാരണം സിനിമയ്ക്ക് ഒരു മോശം പേര് വരരുത് എന്ന് മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles
Next Story