ആട് 3 ഐറ്റം ഡാൻസിൽ നിഖില വിമൽ അല്ല പകരം തമിഴ് സുന്ദരി വേദിക

ഷാൻ റഹ്മാൻ ഈണം നൽകിയ ഈ ഗാനം സോഷ്യൽ മീഡിയയിൽ ഇതിനോടകം തരംഗമായിക്കഴിഞ്ഞു

മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബജറ്റ് എപ്പിക് ഫാൻ്റസി ചിത്രം 'ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്' റിലീസിന് തയ്യാറെടുക്കവെ, ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു. 'സുൽത്താൻ' എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനരംഗത്തിൽ തെന്നിന്ത്യൻ താരം വേദികയുടെ മനോഹരമായ നൃത്തച്ചുവടുകൾക്കൊപ്പം സുൽത്താൻ ഗെറ്റപ്പിൽ നടൻ വിനായകനും പ്രത്യക്ഷപ്പെടുന്നുണ്ട്. ഷാൻ റഹ്മാൻ ഈണം നൽകിയ ഈ ഗാനം സോഷ്യൽ മീഡിയയിൽ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. ജയസൂര്യ നായകനാകുന്ന ഈ ചിത്രം വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് നിർമ്മിക്കുന്നത്. 2026 മാർച്ച് 19-ന് ഈദ് റിലീസായി ആഗോളതലത്തിൽ പ്രദർശനത്തിനെത്തുന്ന ചിത്രത്തിന് സെൻസർ ബോർഡ് ക്ലീൻ 'U' സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. 2 മണിക്കൂർ 47 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ഫാൻ്റസി കോമഡി ചിത്രങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.

റിലീസിന് മുന്നോടിയായി കേരളത്തിൽ ആരംഭിച്ച അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലും ചിത്രം വലിയ മുന്നേറ്റമാണ് നടത്തുന്നത്. ബുക്കിംഗ് തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ അയ്യായിരത്തിലധികം ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ടതോടെ ബുക്ക് മൈ ഷോ ട്രെൻഡിംഗ് ലിസ്റ്റിൽ ചിത്രം ഇടംപിടിച്ചു. ബുക്ക് മൈ ഷോയ്ക്ക് പുറമെ ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ തുടങ്ങിയ ആപ്പുകൾ വഴിയും വിദേശ രാജ്യങ്ങളിലും ബുക്കിംഗ് പുരോഗമിക്കുകയാണ്. ഷാജി പാപ്പനും സംഘവും വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഫാൻ്റസി ഘടകങ്ങൾ കോർത്തിണക്കിയാണ് ഇത്തവണ എത്തുന്നത്. ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, സൈജു കുറുപ്പ്, സണ്ണി വെയ്ൻ തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ഈ ചിത്രം '2018', 'മാളികപ്പുറം' തുടങ്ങിയ ഹിറ്റുകൾ സമ്മാനിച്ച കാവ്യ ഫിലിം കമ്പനിയുടെ സാന്നിധ്യം കൊണ്ട് വലിയ പ്രതീക്ഷയാണ് നൽകുന്നത്. 'വൺ ലാസ്റ്റ് റൈഡ്' എന്ന ടാഗ് ലൈൻ സൂചിപ്പിക്കുന്നത് പോലെ ചിത്രത്തിന് ഇനിയൊരു രണ്ടാം ഭാഗം കൂടി ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ ഉറപ്പു നൽകുന്നു.

Related Articles
Next Story