അറക്കൽ അബുവും സംഘവും വീണ്ടുമെത്തുന്നു; 'ആട് 3' ആദ്യ പ്രോമോ സീൻ പുറത്ത്, ആവേശത്തിൽ ആരാധകർ
രണ്ട് മണിക്കൂർ 47 മിനിറ്റ് ദൈർഘ്യം, ക്ലീൻ 'U' സർട്ടിഫിക്കറ്റ്; ബോക്സ് ഓഫീസിൽ വിസ്മയമാകാൻ 'ആട് 3' ഒരുങ്ങുന്നു

മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിക്കുന്ന, മലയാള സിനിമ കാത്തിരിക്കുന്ന വമ്പൻ ചിത്രം "ആട് 3 പാർട്ട് 1; വൺ ലാസ്റ്റ് റൈഡ്" എന്ന ചിത്രത്തിലെ ആദ്യ പ്രോമോ സീൻ പുറത്തിറങ്ങി. "ആട് 3, സീൻ 1, ഇന്നലെ സംഭവിച്ചത്" എന്ന ടൈറ്റിലോടെ എത്തിയ പ്രോമോയിൽ സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ജനപ്രിയ കഥാപാത്രം അറക്കൽ അബുവിന്റെ തകർപ്പൻ പ്രകടനമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അറക്കൽ അബുവും കൈപ്പുഴ കുഞ്ഞപ്പനും ചേർന്നുള്ള ഈ രസകരമായ രംഗം പ്രേക്ഷകർക്ക് വമ്പൻ നൊസ്റ്റാൾജിയ സമ്മാനിക്കുന്നതിനൊപ്പം, ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ തന്നെ പൊട്ടിച്ചിരിപ്പിക്കുന്ന ഒന്നായിരിക്കും ഈ മൂന്നാം ഭാഗവുമെന്ന സൂചനയും നൽകുന്നു. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രം 2026 മാർച്ച് 19-ന് ഈദ് റിലീസായി ആഗോളതലത്തിൽ പ്രദർശനത്തിനെത്തും.
ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിങ് ലക്ഷ്യമിടുന്ന ചിത്രത്തിന് ഇതിനോടകം തന്നെ ഗംഭീരമായ അഡ്വാൻസ് ബുക്കിംഗാണ് ലഭിക്കുന്നത്. ബുക്ക് മൈ ഷോ ട്രെൻഡിംഗിൽ മുന്നിലുള്ള ചിത്രത്തിന് കേരളത്തിന് പുറത്തും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സെൻസറിങ് പൂർത്തിയാക്കി ക്ലീൻ "U" സർട്ടിഫിക്കറ്റ് നേടിയ ചിത്രത്തിന് 2 മണിക്കൂർ 47 മിനിറ്റാണ് ദൈർഘ്യം. വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കഥാപരിസരവും ഫാന്റസി ഘടകങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ വേദികയുടെ നൃത്തച്ചുവടുകളുള്ള "സുൽത്താൻ" എന്ന ഗാനവും ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
ജയസൂര്യയ്ക്കൊപ്പം വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ൻ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ഈ ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ സിനിമകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. 'ആട് ഒരു ഭീകര ജീവിയാണ്', 'ആട് 2' എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം എത്തുന്ന ഈ മൂന്നാം ഭാഗം പ്രേക്ഷകരുടെ പ്രതീക്ഷകളെ വാനോളം ഉയർത്തുന്നു. 'പാർട്ട് 1' എന്ന ടാഗ്‌ലൈൻ വഴി ചിത്രത്തിന് ഇനിയും തുടർച്ചയുണ്ടാകുമെന്ന് അണിയറപ്രവർത്തകർ ഉറപ്പുനൽകുന്നുണ്ട്. 2018, മാളികപ്പുറം തുടങ്ങിയ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച കാവ്യ ഫിലിം കമ്പനിയും 22 ചിത്രങ്ങൾ നിർമ്മിച്ച ഫ്രൈഡേ ഫിലിം ഹൗസും കൈകോർക്കുന്ന ഈ 23-ാമത് ചിത്രം മലയാള സിനിമാ ചരിത്രത്തിൽ പുതിയ റെക്കോർഡുകൾ കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്
