ഷാജി പാപ്പനും സംഘവും വീണ്ടും; രാജകീയ ഗെറ്റപ്പിൽ 'ആട് 3' ട്രെയ്‌ലർ പുറത്ത്, റിലീസ് മാർച്ച് 19-ന്
ആദ്യ രണ്ട് ഭാഗങ്ങളിലൂടെ പ്രേക്ഷകർ നെഞ്ചിലേറ്റിയ എല്ലാ കഥാപാത്രങ്ങളും മൂന്നാം ഭാഗത്തിലും അണിനിരക്കുന്നുണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട കോമഡി ഫ്രാഞ്ചൈസി 'ആട്' മൂന്നാം ഭാഗത്തിന്റെ ആവേശകരമായ ട്രെയ്‌ലർ പുറത്തിറങ്ങി. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന ചിത്രം ഇത്തവണ ഒരു ഫാന്റസി കോമഡി പരീക്ഷണമായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ട്രെയ്‌ലർ പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. 2026 മാർച്ച് 19-ന് ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലെത്തും.
രാജാവായി ഷാജി പാപ്പൻ; ഫാന്റസി പശ്ചാത്തലം
ആധുനിക കാലത്തെ ഷാജി പാപ്പനും സംഘവും എങ്ങനെ ഒരു പുരാതന രാജഭരണ കാലഘട്ടത്തിന്റെ ഭാഗമാകുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന സസ്പെൻസ്. പുറത്തിറങ്ങിയ പോസ്റ്ററുകളിലും ട്രെയ്‌ലറിലും രാജാവിന്റെ ഗെറ്റപ്പിലാണ് ജയസൂര്യ പ്രത്യക്ഷപ്പെടുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായാണ് 'ആട് 3' ഒരുങ്ങുന്നത്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്.വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന 23-ാമത്തെ ചിത്രമാണ് 'ആട് 3'. '2018', 'മാളികപ്പുറം' തുടങ്ങിയ വമ്പൻ ഹിറ്റുകൾ സമ്മാനിച്ച കാവ്യ ഫിലിം കമ്പനി കൂടി നിർമ്മാണത്തിൽ പങ്കാളികളാകുന്നത് ചിത്രത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. ഷാജി പാപ്പന്റെയും സംഘത്തിന്റെയും ഈ പുതിയ 'ഫാന്റസി' യാത്ര മലയാള സിനിമയിൽ പുതിയൊരു വിഷ്വൽ അനുഭവം നൽകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.ആദ്യ രണ്ട് ഭാഗങ്ങളിലൂടെ പ്രേക്ഷകർ നെഞ്ചിലേറ്റിയ എല്ലാ കഥാപാത്രങ്ങളും മൂന്നാം ഭാഗത്തിലും അണിനിരക്കുന്നുണ്ട്.
• വിനായകൻ (ഡ്യൂഡ്)
• സൈജു കുറുപ്പ് (അറക്കൽ അബു)
• ഇന്ദ്രൻസ് (പാപ്പൻ പ്രിയൻ)
• വിജയ് ബാബു (സർബത്ത് ഷമീർ)
• ധർമ്മജൻ ബോൾഗാട്ടി (ക്യാപ്റ്റൻ ക്ലീറ്റസ്)
ഇവർക്ക് പുറമെ സണ്ണി വെയ്ൻ, നോബി, നിർമ്മൽ പാലാഴി, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സുധി കോപ്പ, ബിജു കുട്ടൻ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിലുണ്ട്.
