ഷാരൂഖ് ഖാന്റെ ആദ്യകാല ചിത്രം 'ഇൻ വിച്ച് ആനി ഗിവ്‌സ് ഇറ്റ് ദോസ് വൺസ്' 37 വർഷങ്ങൾക്ക് ശേഷം തിയേറ്ററുകളിലേക്ക്

. 1989-ൽ പ്രദീപ് കൃഷൻ സംവിധാനം ചെയ്ത ഈ ചിത്രം പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ തിരക്കഥയിലാണ് ഒരുങ്ങിയത്

ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാൻ അഭിനയജീവിതത്തിന്റെ തുടക്കകാലത്ത് വേഷമിട്ട 'ഇൻ വിച്ച് ആനി ഗിവ്‌സ് ഇറ്റ് ദോസ് വൺസ്' (In Which Annie Gives It Those Ones) എന്ന ചിത്രം മൂന്നര പതിറ്റാണ്ടിന് ശേഷം ആദ്യമായി തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു. 1989-ൽ പ്രദീപ് കൃഷൻ സംവിധാനം ചെയ്ത ഈ ചിത്രം പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയുടെ തിരക്കഥയിലാണ് ഒരുങ്ങിയത്. അക്കാലത്ത് ദൂരദർശനിലൂടെ മാത്രം സംപ്രേഷണം ചെയ്ത സിനിമയ്ക്ക് ഇതുവരെ തിയേറ്റർ റിലീസ് സാധ്യമായിരുന്നില്ല. എന്നാൽ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ഈ ചിത്രം 4K നിലവാരത്തിൽ പുനഃസ്ഥാപിച്ച് മാർച്ച് 13 മുതൽ രാജ്യത്തെ 14 പ്രമുഖ നഗരങ്ങളിലായി 19 തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുകയാണ്. ഈ വർഷം ഫെബ്രുവരിയിൽ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ക്ലാസിക് വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന്റെ പുതിയ പതിപ്പ് വലിയ ശ്രദ്ധ നേടിയിരുന്നു.

1970-കളിലെ ഡൽഹിയിലെ ആർക്കിടെക്ചർ വിദ്യാർത്ഥികളുടെ ജീവിതവും അവരുടെ സ്വപ്നങ്ങളും പ്രമേയമാക്കിയ ഈ ചിത്രം അക്കാലത്ത് മികച്ച ഇംഗ്ലീഷ് സിനിമയ്ക്കും മികച്ച തിരക്കഥയ്ക്കുമുള്ള ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു. സൂപ്പർതാര പദവിയിലേക്ക് ഉയരുന്നതിന് മുൻപുള്ള ഷാരൂഖ് ഖാന്റെ പ്രകടനം വലിയ സ്ക്രീനിൽ കാണാമെന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. ഷാരൂഖിനെ കൂടാതെ റോഷൻ സേത്ത്, അർജുൻ റെയ്‌ന എന്നിവർക്കൊപ്പം പ്രശസ്ത താരം മനോജ് ബാജ്‌പേയിയും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമയുടെ ചരിത്രപരമായ പ്രാധാന്യവും ഷാരൂഖിന്റെ അപൂർവ്വമായ അഭിനയമുഹൂർത്തങ്ങളും ഒത്തുചേരുന്ന ചിത്രം സിനിമാ പ്രേമികൾക്ക് ഒരു പുത്തൻ അനുഭവമായിരിക്കും സമ്മാനിക്കുക.

Related Articles
Next Story