മറാഠി നടി വർഷ ഉസ്ഗാവങ്കർ തട്ടിപ്പിനിരയായി;47 ലക്ഷം രൂപയോളം പ്രതി തട്ടിയെടുത്തു എന്ന് റിപ്പോർട്ട്

പ്രശസ്ത മറാഠി ചലച്ചിത്രതാരം വർഷ ഉസ്ഗാവങ്കർ ഉൾപ്പെടെയുള്ളവരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ മുംബൈ പോലീസ് കേസെടുത്തു

പ്രശസ്ത മറാഠി ചലച്ചിത്രതാരം വർഷ ഉസ്ഗാവങ്കർ ഉൾപ്പെടെയുള്ളവരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ മുംബൈ പോലീസ് കേസെടുത്തു. സിനിമാ നിർമ്മാതാവും ബിൽഡറുമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ അവിനാഷ് ജാദവ് എന്നയാൾക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. താനെ ജില്ലയിലെ ഡോംബിവ്‌ലിയിലുള്ള ഒരു നിർമ്മാണ പദ്ധതിയിൽ നിക്ഷേപിച്ചാൽ ഉയർന്ന ലാഭം നൽകാമെന്നും ഒരു വർഷത്തിനുള്ളിൽ നിക്ഷേപത്തുക തിരികെ നൽകാമെന്നും വാഗ്ദാനം ചെയ്താണ് ഇയാൾ വർഷയെയും മറ്റ് മൂന്ന് പേരെയും പ്രേരിപ്പിച്ചത്. 2019 നവംബറിനും 2020 ഫെബ്രുവരിക്കും ഇടയിലായി ചെക്കുകളിലൂടെയും ഓൺലൈൻ ഇടപാടുകളിലൂടെയും ഏകദേശം 47 ലക്ഷം രൂപയാണ് ഇവർ പ്രതിക്ക് കൈമാറിയത്.

തുടക്കത്തിൽ വാഗ്ദാനം ചെയ്തതനുസരിച്ച് 4.52 ലക്ഷം രൂപ ലാഭവിഹിതമായി പ്രതി നൽകിയിരുന്നു. എന്നാൽ പിന്നീട് പണം ലഭിക്കാതെ വന്നതോടെ നിക്ഷേപകർ ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ പ്രതി തന്റെ മൊബൈൽ നമ്പറും വിലാസവും മാറ്റി ഒളിവിൽ പോകുകയായിരുന്നു. തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ താരം ഉൾപ്പെടെയുള്ളവർ പോലീസിനെ സമീപിക്കുകയായിരുന്നു. നിലവിൽ പ്രതിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ച പോലീസ്, സമാനമായ രീതിയിൽ കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും പരിശോധിച്ചു വരികയാണ്.

Related Articles
Next Story