രജനികാന്ത് ചിത്രത്തിൽ മലയാളി താരം ബേസിൽ ജോസഫും
ശിവകാർത്തികേയൻ നായകനായ 'ഡോൺ' എന്ന ചിത്രം സംവിധാനം ചെയ്തത് സിബി ചക്രവർത്തിയാണ് തലൈവർ 173 സംവിധാനം ചെയ്യുന്നത്

മലയാള ചലച്ചിത്രതാരം ബേസിൽ ജോസഫ് രജനികാന്ത് ചിത്രം 'തലൈവർ 173'ൽ ഭാഗമാകുന്നുണ്ടെന്ന് റിപ്പോർട്ട്. തമിഴകത്ത് ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കമൽ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ്കമൽ ഫിലിംസാണ്. സിബി ചക്രവർത്തിയാണ് സംവിധാനം. രജനികാന്തിന്റെ മകന്റെ കഥാപാത്രത്തെയാകും ബേസിൽ ജോസഫ് അവതരിപ്പിക്കുക എന്നാണ് സൂചന. ഏപ്രിൽ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
നടി പ്രിയങ്ക മോഹനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. നടൻ നസ്ലെനും സിനിമയിൽ ഉണ്ടാകുമെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ശിവകാർത്തികേയൻ നായകനായ 'ഡോൺ' എന്ന ചിത്രം സംവിധാനം ചെയ്തത് സിബി ചക്രവർത്തിയാണ്. രജനികാന്തും കമൽ ഹാസനും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന രണ്ട് പ്രോജക്റ്റുകളാണ് അടുത്തിടെ പ്രഖ്യാപിച്ചത്. അതിലൊന്നാണ് 'തലൈവർ 173'. നേരത്തെ സുന്ദർ സി ആയിരുന്നു ചിത്രം സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് അദ്ദേഹം പിന്മാറുകയായിരുന്നു.
'KHxRK' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന മറ്റൊരു പ്രോജക്റ്റിന്റെ പ്രൊമോയും അടുത്തിടെ പുറത്തുവിട്ടിരുന്നു. സമീപകാലത്ത് രജനികാന്ത് ചിത്രങ്ങളിൽ മലയാളി താരങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. 'ജയിലർ' എന്ന ചിത്രത്തിൽ മോഹൻലാൽ കാമിയോ വേഷത്തിലെത്തിയിരുന്നു. 'വേട്ടയ്യൻ' എന്ന രജനികാന്ത് ചിത്രത്തിൽ ഫഹദ് ഫാസിലും മഞ്ജു വാര്യരും പ്രധാന വേഷങ്ങളിൽ ഉണ്ടായിരുന്നു. അടുത്തിടെ പ്രഖ്യാപിച്ച 'കൂലി'യിൽ സൗബിൻ ഷാഹിറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
