കണ്ണാ ഇത് Ai അല്ല കമൽ ഹാസൻ രജനികാന്ത് എന്നിവർ ഒന്നിക്കുന്ന ചിത്രത്തിന്റെ ടീസർ ഷൂട്ട് ചെയ്യുന്ന വീഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു
രജനീകാന്ത്, കമൽഹാസൻ, സംവിധായകൻ നെൽസൺ, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ എന്നിവർ നേരിട്ട് പങ്കെടുത്ത് നടത്തിയ ചിത്രീകരണ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്

ഇന്ത്യൻ സിനിമാ ലോകം പതിറ്റാണ്ടുകളായി കാത്തിരുന്ന ആ വലിയ കൂടിച്ചേരൽ യാഥാർത്ഥ്യമാകുന്നു. സൂപ്പർ താരം രജനീകാന്തും ഉലകനായകൻ കമൽഹാസനും നീണ്ട 40 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. ‘KHxRK’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെൽസൺ ദിലീപ്കുമാറാണ്.
ചിത്രത്തിന്റെ പ്രഖ്യാപന പ്രമോ പുറത്തിറങ്ങിയതിന് പിന്നാലെ പ്രമോയിലെ ദൃശ്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന തരത്തിൽ വലിയ പ്രചാരണങ്ങൾ നടന്നിരുന്നു. എന്നാൽ ഇതിനെല്ലാം മറുപടിയുമായി നിർമ്മാതാക്കൾ ഇപ്പോൾ ചിത്രീകരണത്തിന്റെ ബിഹൈൻഡ് ദി സീൻസ് (BTS) വീഡിയോ പുറത്തുവിട്ടു. രജനീകാന്ത്, കമൽഹാസൻ, സംവിധായകൻ നെൽസൺ, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ എന്നിവർ നേരിട്ട് പങ്കെടുത്ത് നടത്തിയ ചിത്രീകരണ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇതോടെ ചിത്രത്തിലെ ദൃശ്യങ്ങൾ സാങ്കേതിക വിദ്യയല്ല, മറിച്ച് യാഥാർത്ഥ്യമാണെന്ന് വ്യക്തമായി.സൗഹൃദം പ്രമേയമാകുന്ന ചിത്രത്തിൽ എൺപതുകളിലെ വിന്റേജ് ലുക്കിലാണ് ഇരു താരങ്ങളും എത്തുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത്. നെൽസന്റെ ജയിലറിന് ശേഷം തമിഴ് സിനിമയിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് പ്രോജക്ടുകളിൽ ഒന്നായിരിക്കും ഇത്.
നിലവിൽ രജനീകാന്ത് ‘ജയിലർ 2’ന്റെ തിരക്കുകളിലും കമൽഹാസൻ തന്റെ പുതിയ ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളിലുമാണ്. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
