നടിയും എഴുത്തുകാരിയുമായ ലെനയുടെ ഏറ്റവും പുതിയ പുസ്തകം 'വുമൺ ഒ പോസ്' (Woman O Pause) പ്രകാശനം ചെയ്തു

'ദൈവത്തിന്റെ ആത്മകഥ'യ്ക്ക് ശേഷം ലെന രചിക്കുന്ന രണ്ടാമത്തെ പുസ്തകമാണിത്. ഇംഗ്ലീഷിൽ പെൻഗ്വിൻ ബുക്സും മലയാളത്തിൽ ഡി.സി ബുക്സുമാണ് പുസ്തകം പുറത്തിറക്കുന്നത്. പി. പ്രകാശ് ആണ് പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത്. നിലവിൽ പുസ്തകത്തിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്

നടിയും എഴുത്തുകാരിയുമായ ലെനയുടെ ഏറ്റവും പുതിയ പുസ്തകം 'വുമൺ ഒ പോസ്' (Woman O Pause) പ്രകാശനം ചെയ്തു. ലെനയുടെ ഭർത്താവും ഗഗൻയാൻ ബഹിരാകാശ പദ്ധതിയിലെ അംഗവുമായ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരാണ് പുസ്തകത്തിന്റെ കവർ പ്രകാശനം നിർവ്വഹിച്ചത്. ഡിജിറ്റൽ യുഗത്തിലും പുസ്തകങ്ങൾ വായനക്കാരുടെ കൈകളിലെത്തുന്നത് വലിയ കാര്യമാണെന്നും, ലെനയുടെ വ്യക്തിപരവും ഔദ്യോഗികവുമായ അനുഭവങ്ങളിൽ നിന്നാണ് ഈ പുസ്തകം രൂപപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ആർത്തവ ചക്രത്തെയും സ്ത്രീകളുടെ ശാരീരിക മാറ്റങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകമാണെങ്കിലും, സ്ത്രീകൾക്കൊപ്പം പുരുഷന്മാരും ഇത് വായിച്ചിരിക്കേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബത്തിലെ ഓരോ പുരുഷനും സ്ത്രീകളുമായി വിവിധ തരത്തിൽ ബന്ധപ്പെട്ടു കിടക്കുന്നതിനാൽ, മറകളില്ലാതെ തുറന്നു സംസാരിക്കേണ്ട വിഷയമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീകളുടെ ജീവിതത്തിലെ അതീവ പ്രധാനമായ ഘട്ടമായ ആർത്തവവിരാമത്തിലേക്കുള്ള (Menopause) യാത്രയെക്കുറിച്ചുള്ള ആത്മപരിശോധനയാണ് ഈ പുസ്തകമെന്ന് ലെന പറഞ്ഞു. തന്റെ അച്ഛനും അമ്മയും ഭർത്താവുമാണ് ഈ രചനയ്ക്ക് പിന്നിലെ ഏറ്റവും വലിയ പ്രചോദനം. ആർത്തവവിരാമത്തേക്കാൾ ഉപരിയായി, അതിന് മുൻപുള്ള അവസ്ഥയായ 'പെരിമെനോപോസി'നെ (Perimenopause) കുറിച്ചാണ് പുസ്തകം ഗൗരവമായി സംസാരിക്കുന്നത്. 35 മുതൽ 55 വയസ്സുവരെയുള്ള കാലഘട്ടത്തെ 'വുമണോസെൻസ്' (Womanosense) എന്നാണ് ലെന പുസ്തകത്തിൽ വിശേഷിപ്പിക്കുന്നത്. സ്ത്രീകളുടെ ശരീരത്തിലും മനസ്സിലും ഹോർമോൺ വ്യതിയാനങ്ങൾ മൂലം ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ലെനയുടെ അനുഭവങ്ങൾക്കൊപ്പം ഡോക്ടർമാരുടെ ആധികാരികമായ കുറിപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്ത്രീകൾ കടന്നുപോകുന്ന ഈ ശാരീരിക-മാനസിക മാറ്റങ്ങൾ പുരുഷന്മാരും തിരിച്ചറിയുന്നത് പരസ്പര ധാരണ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് ലെന വിശ്വസിക്കുന്നു. അതുകൊണ്ടാണ് 'ദി മിഡ് ലൈഫ് ഗൈഡ് ഫോർ വുമൺ ആൻഡ് ദെയർ മെൻ' എന്ന ടാഗ്‌ലൈൻ പുസ്തകത്തിന് നൽകിയിരിക്കുന്നത്. ശരിയായ അറിവോടെയും പരിചരണത്തോടെയും ഈ ഘട്ടത്തെ നേരിട്ടാൽ ദാമ്പത്യ പ്രശ്നങ്ങളില്ലാതെ സന്തോഷകരമായി മുന്നോട്ടുപോകാമെന്നും താരം ഓർമ്മിപ്പിച്ചു. തന്റെ കൗമാരകാലത്ത് അമ്മ അനുഭവിച്ച പ്രയാസങ്ങൾ 45 വയസ്സായപ്പോഴാണ് തനിക്ക് കൃത്യമായി ബോധ്യപ്പെട്ടതെന്നും അതുകൊണ്ട് തന്നെ ഈ പുസ്തകം അമ്മയ്ക്കാണ് സമർപ്പിച്ചിരിക്കുന്നതെന്നും ലെന പറഞ്ഞു.

'ദൈവത്തിന്റെ ആത്മകഥ'യ്ക്ക് ശേഷം ലെന രചിക്കുന്ന രണ്ടാമത്തെ പുസ്തകമാണിത്. ഇംഗ്ലീഷിൽ പെൻഗ്വിൻ ബുക്സും മലയാളത്തിൽ ഡി.സി ബുക്സുമാണ് പുസ്തകം പുറത്തിറക്കുന്നത്. പി. പ്രകാശ് ആണ് പുസ്തകം വിവർത്തനം ചെയ്തിരിക്കുന്നത്. നിലവിൽ പുസ്തകത്തിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

Related Articles
Next Story