2024 ലെ സൂപ്പർ ഹിറ്റ് തമിഴ് ചിത്രം മഹാരാജയുടെ രണ്ടാം ഭാഗം വരുന്നു:
ചിത്രത്തിന്റെ തിരക്കഥാ രചന പൂർത്തിയായതായും രണ്ടാം ഭാഗത്തിനായി താൻ ഏറെ ആവേശത്തിലാണെന്നും ഗലാറ്റ പ്ലസിന് നൽകിയ അഭിമുഖത്തിൽ വിജയ് സേതുപതി വെളിപ്പെടുത്തി

മക്കൾ സെൽവൻ വിജയ് സേതുപതിയുടെ കരിയറിലെ അൻപതാമത്തെ ചിത്രവും വൻ ബോക്സ് ഓഫീസ് വിജയവുമായിരുന്ന 'മഹാരാജ'യ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു. ചിത്രത്തിന്റെ തിരക്കഥാ രചന പൂർത്തിയായതായും രണ്ടാം ഭാഗത്തിനായി താൻ ഏറെ ആവേശത്തിലാണെന്നും ഗലാറ്റ പ്ലസിന് നൽകിയ അഭിമുഖത്തിൽ വിജയ് സേതുപതി വെളിപ്പെടുത്തി. നിഥിലൻ സാമിനാഥൻ തന്നെയാകും രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. വലിയ പ്രൊമോഷനുകൾ ഒന്നുമില്ലാതെ തിയേറ്ററിലെത്തി വമ്പൻ തരംഗം സൃഷ്ടിച്ച ചിത്രത്തിലെ വിജയ് സേതുപതിയുടെ പിതാവ് വേഷം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ചെന്നൈയിലെ ഒരു ബാർബർ തന്റെ 'ലക്ഷ്മി' എന്ന സ്റ്റീൽ ഡസ്റ്റ്ബിൻ കാണാനില്ലെന്ന് പരാതിയുമായി പോലീസിനെ സമീപിക്കുന്നതായിരുന്നു ആദ്യ ഭാഗത്തിന്റെ ഇതിവൃത്തം. വിചിത്രമെന്ന് തോന്നിയ ഈ പരാതിക്ക് പിന്നിൽ തന്റെ മകളെ ക്രൂരമായി ആക്രമിച്ച മൂന്ന് പ്രതികളെ കണ്ടെത്താനുള്ള അച്ഛന്റെ തന്ത്രപരമായ നീക്കങ്ങളായിരുന്നു ഒളിഞ്ഞിരുന്നത്. അനുരാഗ് കശ്യപ് വില്ലനായി എത്തിയ ചിത്രത്തിൽ മംമ്ത മോഹൻദാസ്, നട്ടി നടരാജ്, ഭാരതിരാജ, അഭിരാമി, സിംഗംപുലി തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്നിരുന്നു. രണ്ടാം ഭാഗത്തിലും വിജയ് സേതുപതി തന്നെയാകും നായകനായി എത്തുക.
