അസൂയക്കാർക്ക് തകർക്കാൻ കഴിയാത്ത ആത്മവിശ്വാസം, അത് അഹങ്കാരമല്ല; നിഖിലയെ വിമർശിച്ചവർക്ക് മന്ത്രിയുടെ മറുപടി
അഭിമുഖങ്ങളിലെ ചോദ്യങ്ങൾക്ക് നടി നിഖില വിമൽ നൽകുന്ന മറുപടികൾ എന്നും ശ്രദ്ധ നേടാറുണ്ട്. ഏത് തരത്തിലുള്ള ചോദ്യമായാലു കുറിക്കു കൊള്ളുന്ന മറുപടി നിഖില നൽകാറുണ്ട്. തഗ് ക്വീൻ എന്ന പേരിൽ നിഖിലയുടെ ട്രോളുകളും പ്രചരിക്കാറുണ്ട്. വിമർശനങ്ങളും നടിക്കെതിരെ ഉയരാറുണ്ട്.
നിഖിലയെ കുറിച്ചുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് മന്ത്രി ആർ ബിന്ദു നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ”പുച്ഛഭാവം മാത്രമുള്ള കേരളത്തിലെ ഒരേ ഒരു നായികയാണ് നിഖില വിമൽ എന്ന് തോന്നിയിട്ടുണ്ടോ..? ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർക്കും ഉർവശിക്കും ഇല്ലാത്ത തലക്കനം ആണ് ഈ പുതുമുഖ നായികയ്ക്ക് എന്നും പറയുന്നു ശരിയാണോ?” എന്ന പോസ്റ്റിനോടാണ് മന്ത്രിയുടെ പ്രതികരണം. ”മിടുക്കി കുട്ടി ആണ് നിഖില… അസൂയക്കാർക്ക് തകർക്കാൻ കഴിയാത്ത ആത്മവിശ്വാസം… അത് അഹങ്കാരമല്ല… വിനയമുള്ള വ്യക്തിത്വം കൂടിയാണ് നിഖില” എന്നാണ് മന്ത്രി കമന്റ് ആയി കുറിച്ചിരിക്കുന്നത്.
അതേസമയം, തന്റെ രാഷ്ട്രീയത്തെ കുറിച്ച് നിഖില സംസാരിച്ചിരുന്നു. തന്റെ ഉള്ളിൽ വ്യക്തമായ രാഷ്ട്രീയമുണ്ട്. ഒരാൾക്ക് മറ്റൊരാളോട് സ്‌നേഹം ഉണ്ടാവുക എന്ന് പറയുന്നത് പോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് ഒരാൾക്ക് രാഷ്ട്രീയം ഉണ്ടാവുക. അത് പാർട്ടി പൊളിട്ടിക്‌സ് ആകാം, ജീവിതത്തിലെ പൊളിട്ടിക്‌സ് ആകാം എന്നാണ് നിഖില പറഞ്ഞത്.