ആണുങ്ങളുടെ കഥ പറയാൻ ഒരു ചിത്രം " *ആറ് ആണുങ്ങൾ".

സമൂഹത്തിൽ ആണുങ്ങൾ നേരിടുന്ന നീറുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കുകയാണ് "ആറ് ആണുങ്ങൾ" എന്ന ചിത്രം. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ സംബ്രാജ് സംവിധാനവും,എഡിറ്റിംഗും നിർവ്വഹിക്കുന്ന ഈ ചിത്രം, മഞ്ജു സല്ലാപം മീഡിയയുടെ ബാനറിൽ രാധാകൃഷ്ണൻ നായർ രാഗം, സുരേഷ് കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി.
നിരവധി പുരസ്കാരങ്ങൾ നേടിയ ചാമ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ ഇരുപത്തിമൂന്നുകാരനായ സംബ്രാജ് തുടർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് "ആറ് ആണുങ്ങൾ". ചാമയുടെ രചയിതാവായ യെസ് കുമാർ തന്നെയാണ് പുതിയ ചിത്രത്തിന്റേയും രചയിതാവ്.
ആണിനേയും, പെണ്ണിനേയും, ഇന്ന് സമൂഹത്തിൽ വേർതിരിച്ച് കാണേണ്ട ഒന്നല്ല. എഴുത്തിലും, വാക്കുകളിലും ആണും, പെണ്ണും സമമാണെന്ന് പറയുകയും, പ്രവൃത്തികളിൽ രണ്ടായി കാണുകയും ചെയ്യുന്നു. ഇതിനെതിരെ, സ്ത്രീകളോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ പ്രതികരിക്കുകയാണ് "ആറ് ആണുങ്ങൾ "എന്ന ചിത്രം.
പ്രത്യേക സംരക്ഷണം, പ്രത്യേക ആനുകൂല്യം, പ്രത്യേക നിയമം, ഇങ്ങനെ വേർതിരിവിൽ, സ്ത്രീ പുരുഷനേക്കാൾ ഒരുപിടി മുന്നിലെത്തുന്നു. അപ്പോഴും പറച്ചിലിൽ,ധൈര്യവാനും കൊമ്പൻ മീശക്കാരനുമൊക്കെയായ ആണ് അനുഭവിക്കുന്ന പ്രശ്നങ്ങൾ, ദുരിതങ്ങൾ, പലതാണ്. ഒരു സ്ത്രീ ഒന്ന് വിളിച്ചു പറഞ്ഞാൽ ആണിന് മേൽ നിയമ കുരിക്കിടാൻ ഇന്ന് കഴിയും.
ബാല്യം മുതൽ വാർദ്ധ്യകം വരെ ആണുങ്ങൾ അനുഭവിക്കേണ്ടി വരുന്ന സങ്കീർണ്ണമായ പ്രശ്നങ്ങളാണ് "ആറ് ആണുങ്ങൾ" എന്ന ചിത്രം അവതരിപ്പിക്കുന്നത്.സ്ത്രീകളോടുള്ള പൂർണ ബഹുമാനം നിലനിറുത്തികൊണ്ട് തന്നെ, സ്ത്രീജനങ്ങളുടെ തന്നെ മകൻ, ഭർത്താവ്, അച്ഛൻ എന്നിവർ കടന്നുപോയ ഇത്തരം പ്രശ്നങ്ങളിലൂടെ കടന്നുപോകുകയാണ് "ആറ് ആണുങ്ങൾ "എന്ന ചിത്രം.
വ്യത്യസ്തമായ പ്രമേയവുമായി എത്തുന്ന "ആറ് ആണുങ്ങൾ" എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ ജൂൺ മാസം തിരുവനന്തപുരത്ത് നടക്കും. തുടർന്ന് ചിത്രം തീയേറ്ററിലെത്തും.
മഞ്ജുസല്ലാപം മീഡിയയുടെ ബാനറിൽ രാധാകൃഷ്ണൻ നായർ രാഗം, സുരേഷ് കുമാർ എന്നിവർ നിർമ്മിക്കുന്ന "ആറ് ആണുങ്ങൾ", സം ബ്രാജ് എഡിറ്റിംഗ്, സംവിധാനം നിർവ്വഹിക്കുന്നു. രചന - യെസ് കുമാർ, ക്യാമറ - ഗോഗുൽ കാർത്തിക്
പി.ആർ.ഒ
അയ്മനം സാജൻ