മകളെ ഇത് പരിഹസിക്കുന്നവർക്കുള്ള മറുപടി: എ.ആർ.റഹ്മാൻ
മകൾ ഖദീജ റഹ്മാന്റെ സിനിമാസംഗീതരംഗത്തേക്കുള്ള ചുവടുവെപ്പിനെക്കുറിച്ചു പറഞ്ഞു സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. മകളെ അധിക്ഷേപിക്കുന്നവർക്കും പരിഹസിക്കുന്നവർക്കുമുള്ള മറുപടിയാണ് ഈ പുതിയ തുടക്കമെന്ന് റഹ്മാൻ പറഞ്ഞു. ഹലിത ഷമീം സംവിധാനം ചെയ്യുന്ന ‘മിൻമിനി’ എന്ന ചിത്രത്തിനു സംഗീതമൊരുക്കിയാണ് ഖദീജ സിനിമാരംഗത്തു അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ പ്രീമിയറിനു ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്പ്പോഴാണ് മകളുടെ പുതിയ തുടക്കത്തെക്കുറിച്ച് റഹ്മാൻ സംസാരിച്ചത്.
‘എന്റെ മകൾ ആദ്യമായി സംഗീതമൊരുക്കുന്ന ചിത്രമാണ് മിൻമിനി. സംവിധായിക ഹലിത ഷമീം ആണ് അതിലേക്ക് അവളെ ക്ഷണിച്ചത്. ചിത്രം ഏറ്റവും മികവുറ്റതാകട്ടെ. ഖദീജയെക്കുറിച്ച് എന്ത് വാർത്ത വന്നാലും ദശലക്ഷക്കണക്കിനാളുകൾ അവളെ പരിഹസിക്കും. അധിക്ഷേപങ്ങൾക്കെല്ലാം അവൾ ജോലിയിലൂടെ മറുപടി നൽകി. ഞാൻ എന്റെ മകളെയോർത്ത് അഭിമാനിക്കുന്നു. ഇനിയും കൂടുതൽ വിജയങ്ങൾ നൽകി ദൈവം അവളെ അനുഗ്രഹിക്കട്ടെ’, എ.ആർ.റഹ്മാന്റെ വാക്കുകൾ.
2020ൽ എ.ആർ.റഹ്മാൻ തന്നെ സംഗീതസംവിധാനവും നിർമാണവും നിർവഹിച്ച ആൽബമായ ‘ഫരിശ്തോ’ എന്ന ഗാനം ആലപിച്ചാണ് ഖദീജ റഹ്മാൻ സംഗീതമേഖലയിൽ അരങ്ങേറ്റം കുറിച്ചത്. മുന്ന ഷൗക്കത്ത് അലിയാണ് പാട്ടിനു വരികൾ രചിച്ചത്. ‘ഫരിശ്തോ’ സംഗീതലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു. ഈ ഗാനത്തിലൂടെ മികച്ച അനിമേറ്റഡ് സംഗീത വിഡിയോയ്ക്കുള്ള ഇന്റർനാഷണൽ സൗണ്ട് ഫ്യൂച്ചർ പുരസ്കാരവും ഖദീജ നേടിയിരുന്നു. പിന്നാലെയാണ് ‘മിൻമിനി’യിലൂടെ സംഗീതസംവിധാനത്തിലും ഖദീജ ഹരിശ്രീ കുറിച്ചത്. ചിത്രത്തിന്റെ സംവിധായിക ഹലിത ഷമീം ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.