അപകടത്തിൽ എന്റെ ജീവിതം തലകീഴായ് മറിഞ്ഞു: സംഗീത് പ്രതാപ്
ഷൂട്ടിങ്ങിന് ഇടയിലുണ്ടായ അപകടത്തിനു ശേഷം ആരോഗ്യം വീണ്ടെടുത്ത് നടനും എഡിറ്ററുമായ സംഗീത് പ്രതാപ്. ഒരു മാസത്തെ വിശ്രമത്തിനു ശേഷം ബ്രൊമാൻസ് സിനിമയുടെ ലൊക്കേഷനിലേക്ക് പോകുന്ന വിവരം സംഗീത് ആരാധകരുമായി പങ്കുവച്ചു. വികാരനിർഭരമായ കുറിപ്പിലൂടെയാണ് അപകടത്തെക്കുറിച്ചും ഇടവേളയെക്കുറിച്ചും സംഗീത് വാചാലനായത്. അത്യന്തം അപകടകരമായ അവസ്ഥയെ തരണം ചെയ്താണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയതെന്നും വിഷാദവും സങ്കടവും കീഴടക്കിയ ദിവസങ്ങളിൽ കരുത്തായത് ഭാര്യയും കുടുംബവുമായിരുന്നുവെന്നും സംഗീത് പറഞ്ഞു.
പരിക്കേറ്റ് കിടപ്പിലായ സമയത്തെ ചിത്രങ്ങൾ സഹിതമായിരുന്നു സംഗീതിന്റെ പോസ്റ്റ്. അപകടം നടന്ന് ഏതാനും ദിവസങ്ങൾക്കുള്ളിലെ ചിത്രവും പൂർണ ആരോഗ്യവാനായി ഷൂട്ടിന്പോ കാൻ ഇറങ്ങുമ്പോഴുള്ള ചിത്രവും താരം പങ്കുവച്ചു. 'ഒരു വീഴ്ചയ്ക്കു ശേഷമുള്ള ജീവിതം 27/7/24- 27/8/24' എന്ന തലക്കെട്ടോടെയാണ് സംഗീത് ഏറെ വൈകാരികമായ കുറിപ്പ് പങ്കുവച്ചത്.
കഴിഞ്ഞ മാസം, ഇതേ ദിവസം, ഒരു അപകടത്തിലൂടെ എന്റെ ജീവിതം തലകീഴായ് മറിഞ്ഞു. കുഴപ്പമൊന്നും സംഭവിച്ചില്ല എന്ന് ആദ്യം കരുതിയെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ വളരെഅപകടകരമായ അവസ്ഥയിലാണെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടതെന്നും നഴ്സ് പറഞ്ഞപ്പോൾ ടെൻഷൻ തുടങ്ങി. അന്നുമുതൽ, പല വികാരങ്ങളിലൂടെ കടന്നുപോയി- ചിലപ്പോൾ സങ്കടവും വിഷാദവും ഭയവും എന്നെ കീഴ്പ്പെടുത്തി. എന്നാൽ, ചില സമയങ്ങളിൽ ഇരുന്നു ചിന്തിക്കാൻ രണ്ടാമതൊരു അവസരം ലഭിച്ച പോലെ തോന്നി. ഭാവിയെക്കുറിച്ചുള്ള സംശയങ്ങൾക്ക് ഉത്തരങ്ങൾ കിട്ടി. ഒന്നും നിങ്ങളുടെ നിയന്ത്രണത്തിലല്ലാത്തതിനാൽ ആസൂത്രണം പലപ്പോഴും ഉപയോഗശൂന്യമാണെന്ന് മനസ്സിലാക്കി. ഒഴുക്കിനൊപ്പം പോകുന്നതാണ് നല്ലത്.
എന്റെ ഭാര്യ, എന്റെ ഉറ്റസുഹൃത്ത്... എന്നെ അവളുടെ കുട്ടിയെപ്പോലെ പരിപാലിച്ചു. എനിക്ക് അവളെ എത്രമാത്രം സ്നേഹിക്കാൻ കഴിയുമെന്നും അവൾ അത് എത്രത്തോളം അർഹിക്കുന്നുവെന്നും മനസ്സിലാക്കി. എന്റെ മാതാപിതാക്കളും ഉറ്റസുഹൃത്തുക്കളും എനിക്കൊപ്പം നിന്നു, എനിക്ക് ലഭിച്ച ഓരോ മെയിലുകളും മെസ്സേജുകളും പല കാര്യങ്ങളും മനസ്സിലാക്കാൻ എന്നെ സഹായിച്ചു.
ഇന്ന്, ഒടുവിൽ ജീവിതം സാധാരണ നിലയിലായി. പ്രിയപ്പെട്ട സ്ഥലമായ ബ്രോമാൻസിന്റെ ഷൂട്ടിങ് സെറ്റിലേക്ക് മടങ്ങുകയാണ്. ഇപ്പോഴും അൽപം ആശങ്കയിലാണ്. പക്ഷേ വിഷമിക്കേണ്ട കാര്യമില്ലെന്ന് ഇപ്പോൾ എനിക്കറിയാം; മേഘങ്ങൾ തനിയെ തെളിയും. ഉറക്കം കണ്ണുകളുടെ തിരശ്ശീലയിൽ നിന്ന് വഴുതി വീഴുന്നു, പക്ഷേ എനിക്ക് കിലോമീറ്ററുകൾ മുന്നോട്ട് പോകാനുണ്ട്.
കഴിഞ്ഞ മാസം 27നാണ് ബ്രൊമാൻസ് സിനിമയിലെ ഒരു രംഗം ചിത്രീകരിക്കുന്നതിന് ഇടയിൽ അപകടം സംഭവിക്കുന്നത്. കൊച്ചി എംജി റോഡിൽ വച്ച് ഷൂട്ടിനായി ഓടിപ്പിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു. കാർ ഓടിച്ചത് പരിചയസമ്പന്നനായ സ്റ്റണ്ട് ടീമിലെ ഡ്രൈവർ ആയിരുന്നു. ഡ്രൈവർക്കൊപ്പം മുൻ സീറ്റിൽ അർജുൻ അശോകും പിന്നിൽ സംഗീതും ഉണ്ടായിരുന്നു. ഈ സമയത്താണ് കാർ അപകടത്തിൽ പെടുന്നത്. നടൻമാർ സഞ്ചരിച്ച കാർ സമീപം നിന്ന ഡെലിവറി ബോയിയെയും, ബൈക്കിനെയും ഇടിച്ചുതെറിപ്പിച്ച് തലകീഴായി മറിഞ്ഞു. അപകടത്തിൽപ്പെട്ട കാർ ബൈക്കുകളിലും തട്ടി. താരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. പൊലീസ് സ്ഥലത്തെത്തി കാർ റോഡിൽനിന്ന് മാറ്റി. അമിത വേഗത്തിൽ വാഹനം ഒാടിച്ചതിന് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
പരിക്കേറ്റ് വിശ്രമത്തിൽ ആയിരുന്ന സമയത്താണ് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്കാരം സംഗീതിനെ തേടിയെത്തിയത്. ലിറ്റിൽ മിസ് റാവുത്തർ എന്ന ചിത്രത്തിനായിരുന്നു പുരസ്കാരം.