ശ്രീനിയുടെ ചിതയൊരുങ്ങുന്നു, ദു:ഖത്തോടെ ഞാന്‍ പുറത്തേക്ക് നടന്നു, അപ്പോള്‍ മമ്മൂട്ടി സാര്‍ വന്നു...
Actor Parthiban pays tribute to Sreenivasan

പ്രിയ സുഹൃത്ത് ശ്രീനിവാസനെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയിരുന്നു തമിഴ് നടന്‍ പാര്‍ത്ഥിപന്‍. ശ്രീനിവാസന്റെ ചേതനയറ്റ ശരീരം വേദനയോടെ നോക്കി നില്‍ക്കുന്ന പാര്‍ത്ഥിപന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നിറഞ്ഞിരുന്നു. പിന്നാലെ ഹൃദയസ്പര്‍ശിയായ കുറിപ്പ് പാര്‍ത്ഥിപന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
ഏറെ സാഹസികമായാണ് പാര്‍ത്ഥിപന്‍, സുഹൃത്തിനെ അവസാനമായി കാണാന്‍ കൊച്ചിയില്‍ എത്തിയത്. ചെന്നൈയില്‍ നിന്നുള്ള വിമാനത്തില്‍ സീറ്റുണ്ടായിരുന്നില്ല. ജീവനക്കാര്‍ ഒഴിഞ്ഞുകൊടുത്ത സീറ്റിലാണ് പാര്‍ത്ഥിപന്‍ കൊച്ചിയില്‍ എത്തിയത്.
പാര്‍ത്ഥിപന്റെ കുറിപ്പ്:
ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്ര. വെറുമൊരു സഞ്ചാരമായിരുന്നില്ല, വാക്കുകള്‍ കൊണ്ടു പറയാന്‍ കഴിയാത്ത ഒരു നിയോഗമായിരുന്നു. സാഹസികമായി രാത്രി 11 മണിയോടെ കൊച്ചിയില്‍ എത്തുമ്പോള്‍, എവിടെ തങ്ങണമെന്നോ എങ്ങോട്ടു പോകണമെന്നോ എനിക്ക് അറിയില്ലായിരുന്നു. ഒടുവില്‍ ശ്രീനിവാസന്‍ സാറിന്റെ വീട്ടിനടുത്തുള്ള ഒരു ചെറിയ ഹോട്ടലില്‍ ഞാന്‍ അഭയം തേടി. യഥാര്‍ത്ഥത്തില്‍ ആ രാത്രി ഞാന്‍ ദുബായില്‍ എത്തേണ്ടതാണ്. എന്നാല്‍, എന്റെ പ്രിയപ്പെട്ട ശ്രീനിവാസന്‍ സാറിനു വേണ്ടി ഞാന്‍ എന്റെ എല്ലാം ബുക്കിംഗുകളും റദ്ദാക്കി.
എന്റെ കൈയില്‍ പ്രിയ സുഹൃത്തിനു നല്‍കാന്‍ ഒരുപിടി മുല്ലപ്പൂക്കളുണ്ടായിരുന്നു. ആരും എന്നെ തിരിച്ചറിയരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. തിരിച്ചറിയപ്പെടാതെ മടങ്ങാനായിരുന്നു എനിക്ക് ഇഷ്ടം. ആരും എന്നെ തിരിച്ചറിയില്ല എന്നാണ് ഞാന്‍ കരുതിയത്.
അവിടെ ഞാന്‍ നിശബ്ദനായി നില്‍ക്കുന്നത് നിര്‍മാതാവ് ആന്റോ ജോസഫ് മമ്മൂട്ടി സാറിനോട് പറഞ്ഞിട്ടുണ്ടാവും. ശ്രീനിയുടെ അന്ത്യയാത്രക്കായി ചിത ഒരുങ്ങുന്നു. ആ ചൂട് ശ്രീനിയുടെ ശരീരം അറിയില്ലെന്ന ചിന്ത എന്നെ വല്ലാതെ പൊള്ളിച്ചു. കൂടുതല്‍ അത് കണ്ടു നില്‍ക്കാന്‍ കഴിയാതെ ഞാന്‍ ദുഖത്തോടെ പുറത്തേക്കിറങ്ങിയപ്പോള്‍ മമ്മൂട്ടി സാര്‍ എന്നെ സമാധാനിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി. ശ്രീനിയുടെ ഓര്‍മകള്‍ അയവിറക്കി വൈകുന്നേരം വരെ അദ്ദേഹത്തിനൊപ്പം നിന്നു. പാര്‍ത്ഥിപന്‍ കുറിച്ചു.
