നടൻ രജനികാന്ത് ആശുപത്രിയിൽ

കൂലിയുടെ ചിത്രീകരണത്തിനിടെ കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് നടൻ രജനികാന്ത് ചികിത്സയിൽ. ഇന്നലെ രാത്രിയിലാണ് കടുത്ത വയറുവേദനയെ തുടർന്ന് രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. അതേസമയം ഇതുസംബന്ധിച്ച് രജനികാന്തിൻ്റെ കുടുംബത്തിൽ നിന്നോ ആശുപത്രിയിൽ നിന്നോ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.

രജനി കാന്തിന്റെ പുതിയ സിനിമയായ ‘കൂലി’യുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം ഹൃദയസംബന്ധമായ പരിശോധനകൾക്ക് കൂടി വിധേയനായ ശേഷം രജനികാന്ത് ആശുപത്രി വിട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

2020-ൽ ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് രജനികാന്തിനെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തൻ്റെ രാഷ്ട്രീയ പാർട്ടി ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് താരത്തെ അന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യപരമായ കാരണങ്ങളാൽ രാഷ്ട്രീയത്തിൽ ഇറങ്ങില്ലെന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം താരം അന്ന് പ്രഖ്യാപിച്ചിരുന്നു.

Related Articles
Next Story