'എങ്ങനെയെങ്കിലും കുറേ പ്രശസ്തി കിട്ടിയിട്ട് കാര്യമില്ല; അത് നിലനില്‍ക്കുക കൂടി വേണ്ടേ!'

Actor Riyas Narmakala Interview



ഹണി വി ജി

കോമഡി സീരിയല്‍ 'മറിമായ'ത്തിലെ മന്മഥനെ അറിയാത്തവര്‍ ചുരുക്കമാണ്. റിയാസ് നര്‍മ്മകലയെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കി മാറ്റിയതും ഈ സീരിയലാണ്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ റിയാസ് സ്‌ക്കൂള്‍ കാലം മുതല്‍ മിമിക്രി രംഗത്ത് സജീവമായിരുന്നു. റിയാസ് പിന്നീട് തിരുവനന്തപുരത്ത് നര്‍മ്മകല എന്നൊരു മിമിക്രി ട്രൂപ്പ് രൂപീകരിച്ചു. അതിലൂടെ നിരവധി വേദികളില്‍ മിമിക്രി പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കാന്‍ തുടങ്ങി.

ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്, സൂര്യ, എന്നീ ചാനലുകളിലായി ഏകദേശം 20ഓളം സീരിയലുകളില്‍ അഭിനയിച്ചു. വലിയൊരു അനുഭവം ആയിരുന്നു അതെന്ന് റിയാസ് ഓര്‍ക്കുന്നു. കുറച്ചുകൂടി അവസരങ്ങള്‍ ഇതിലൂടെ ലഭിച്ചു.

ചലച്ചിത്ര രംഗത്തേക്ക്

2017 -ല്‍ സര്‍വ്വോപരി പാലാക്കാരന്‍ ആണ് ആദ്യ ചിത്രം. തുടര്‍ന്ന് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.



പുതിയ ചിത്രങ്ങള്‍

ഇനി റിലീസാകാനുള്ളത് ശുക്രന്‍, തേര്‍ഡ് മര്‍ഡര്‍ എന്നീ ചിത്രങ്ങളാണ്.

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടയാള്‍

കുടുംബ പ്രേക്ഷകര്‍ തന്നെയാണ് വലിയ പിന്തുണ നല്‍കുന്നത്. യുവതലമുറയും പ്രോഗ്രാമുകള്‍ കാണുന്നവര്‍ തന്നെ. ലൊക്കേഷനുകളില്‍ പോലും പ്രവാസികള്‍ കുടുംബ സമേതം വന്ന് സ്‌നേഹം പങ്കുവയ്ക്കുന്നത് ആശ്ചര്യപ്പെടുത്താറുണ്ട്. ചിലര്‍ അവരുടെ ജീവിതത്തിലെ കഥാപാത്രങ്ങളായി കാണുന്നു. എവിടെ പോയാലും അവര്‍ നല്‍കുന്ന സ്‌നേഹം തിരിച്ചറിയാറുണ്ട്. അത് മുന്നോട്ട് പോകാന്‍ സഹായിക്കുന്നു.



പുതിയ കലാകാരന്‍മാര്‍

നമുക്ക് കഴിവുണ്ടെങ്കില്‍ തീര്‍ച്ചയായും അത് തിരിച്ചറിയുക തന്നെ ചെയ്യും. ഞാനൊക്കെ എത്രയോ കാലം കഴിഞ്ഞ ശേഷമാണ് ഇവിടെ എത്തിയത്. കഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അതിനൊരു സുഖമുണ്ട്. പക്ഷെ, ഇന്ന് സോഷ്യല്‍ മീഡിയയില്‍ കൂടി പെട്ടെന്ന് വളര്‍ന്ന് വരുന്നവരും ഉണ്ട്. എല്ലാം നല്ലത് തന്നെ. എന്നാല്‍, പെട്ടെന്ന് വലുതായവര്‍ പെട്ടെന്ന് തന്നെ ഒന്നുമല്ലാതായ കാഴ്ചകള്‍ നമ്മുടെ മുന്നില്‍ തന്നെ ഉണ്ട്. എങ്ങനെയെങ്കിലും കുറേ പ്രശസ്തി കിട്ടിയിട്ട് കാര്യമില്ല. അത് നിലനില്‍ക്കുക കൂടി വേണ്ടേ.

വീട്ടില്‍ നിന്നുള്ള പിന്തുണ

അച്ഛനമ്മമാര്‍ സര്‍ക്കാര്‍ ജോലിയില്‍ ആയിരുന്നു. എന്റെ കലാജീവിതത്തില്‍ അവര്‍ തന്ന പിന്തുണ ഒരിക്കലും മറക്കാനാകാത്തത്. അവര്‍ കാരണമാണ് എനിക്കിന്ന് ഇവിടെ എത്താന്‍ സാധിച്ചത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാ തരത്തിലും കുടുംബം എന്നെ സഹായിച്ചിട്ടുണ്ട്.

ജീവിതത്തിലെ വിനയം, എളിമ

എല്ലാവരെയും ബഹുമാനിക്കുക എളിമയോടെ, വിനയത്തോടെ ഇടപെടണമെന്ന് ചിട്ടയോടു കൂടി പഠിപ്പിച്ചു രക്ഷിതാക്കള്‍. വീട്ടില്‍ നിന്നും പഠിച്ച ബാലപാഠം ആണിത്. ഞാന്‍ ചെറുപ്പം മുതലേ ഇങ്ങനെയാണ്. ഒരൊറ്റ ജീവിതം, വളരെ ചുരുങ്ങിയ സമയമാണ് നമുക്കെല്ലാം ഉള്ളത് അതിലെന്തിനാന്ന് ബഹളവും ഈഗോയും മറ്റുമൊക്കെ. എല്ലാവരോടും സ്‌നേഹത്തോടും സൗമ്യമായിട്ടും ഒക്കെ ജീവിക്കുക. Give respect and take respect എന്നാണല്ലോ? നമ്മള്‍ എന്ത് നല്‍കുന്നുവോ അതാണ് തിരിച്ചു കിട്ടുക എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍.



കുടുംബം

ഭാര്യ നൈന. മൂന്ന് മക്കള്‍ റിസ്വാന്‍, റിയാന്‍, റിഹാന്‍. മക്കള്‍ മൂവരും ഇതൊക്കെ കാണും. അവര്‍ക്ക് കലയോട് കുട്ടിക്കാലത്ത് താല്പര്യം ഉണ്ടായിരുന്നു. ഇപ്പോള്‍ പക്ഷെ അവരുടെതായ ലോകത്ത്, തിരക്കിലാണ്. ഇനി നാളെ എപ്പോഴെങ്കിലും ഈ ഫീല്‍ഡിലേക്ക് വരുമോ എന്ന് അറിയില്ല.



Related Articles
Next Story