'ഞാനൊരിക്കല്‍ ചൈനയില്‍ പോയി, ക്യൂബ മുകുന്ദനൊക്കെ അവിടെ പോയാല്‍ തകര്‍ന്നുപോകും!'
Actor Sreenivasan about China

സന്ദേശം പോലെയുള്ള ചിത്രങ്ങളിലൂടെ രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയും ക്രിയാത്മകമായി വിമര്‍ശിച്ചിട്ടുള്ള എഴുത്തുകാരനാണ് ശ്രീനിവാസന്‍. ശ്രീനിവാസന്റെ സിനിമകളിലെല്ലാം സാമൂഹിക വിമര്‍ശനത്തിന്റെ ഒരു ലെയര്‍ ഉണ്ട്. മാതൃഭൂമിയുടെ വാരാന്തപ്പതിപ്പില്‍, തന്റെ നിരവധി രചനകളെ കാമറയില്‍ പകര്‍ത്തിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടിനൊപ്പം ശ്രീനിവാസന്‍ സംസാരിക്കുന്നു.
ശ്രീനിവാസന്‍ നായകനായി അഭിനയിച്ച് വന്‍ വിജയം നേടിയ സിനിമയാണ് അറബിക്കഥ. ലാല്‍ജോസ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ കമ്യൂണിസ്റ്റുകാരന്‍ ക്യൂബ മുകുന്ദന്‍ എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിച്ചത്.
ക്യൂബ മുകുന്ദന്മാര്‍ തന്റെ നാട്ടില്‍ നിരവധി പേര്‍ ഉണ്ടെന്ന് ശ്രീനിവാസന്‍ പറയുന്നു. അഭിമുഖത്തില്‍ നിന്ന്:
ക്യൂബാ മുകുന്ദന്മാര്‍ ഇപ്പോഴും മധുരമനോജ്ഞ ചൈനയെന്നൊക്കെ പറയും. കമ്യൂണിസ്റ്റുകാരുടെ നാട്ടില്‍ ജനിച്ചുവളര്‍ന്ന ഞാന്‍ ചൈനയില്‍പ്പോയി. മധുരവും മനോജ്ഞവുമൊന്നും കണ്ടില്ല. ഒരുകാര്യമുണ്ട്. അവിടെയുള്ളവരെല്ലാം അധ്വാനിക്കുന്നവരാണ്. പക്ഷേ, ഇവിടത്തെപ്പോലെ അവകാശങ്ങളെക്കുറിച്ചൊന്നും ബോധമുള്ളവരല്ല. ചെറിയ വേതനമേയുള്ളൂ.
മുതലാളിമാരുടെ കമ്പനി കോമ്പൗണ്ടിനുള്ളിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഓഫീസുകള്‍. പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് മുതലാളിമാര്‍ തന്നെ.
ഇവിടെ നിന്ന് പോകുമ്പോള്‍ ഒരു ചങ്ങാതി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു കൊടി കൊണ്ടുവരണമെന്ന് പറഞ്ഞിരുന്നു. പോകുന്നിടത്തെല്ലാം ഞാനതും അന്വേഷിച്ചു നടന്നു. കുറെ കടകളില്‍ കയറിയിറങ്ങിയശേഷമാണ് ഒന്നു കിട്ടിയത്. ക്യൂബാ മുകുന്ദനൊക്കെ അവിടെച്ചെന്നാല്‍ തകര്‍ന്നുപോവും-ശ്രീനിവാസന്‍ പറയുന്നു.
