ദിയ കൃഷ്ണയെ പിന്തുണച്ച് നടി ഭാമ; മകൾക്കുവേണ്ടി സംസാരിക്കുന്ന കൃഷ്ണകുമാറിനും അഭിനന്ദനം

സാമ്പത്തികതട്ടിപ്പിൽ ജീവനക്കാരുമായി നടക്കുന്ന വിഷയത്തിൽ ദിയ കൃഷ്ണയെ പിന്തുണച്ച് നടി ഭാമ. കൃഷ്ണകുമാർ മകളെ പിന്തുണച്ച് സംസാരിക്കുന്ന വിഡിയോ ഭാമ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചുകൊണ്ടായിരുന്നു ഭാമയുടെ പ്രതികരണം. തന്റെ മകൾക്ക് ഒരു ബുദ്ധിമുട്ടുണ്ടായാൽ അവളെ രക്ഷിക്കാൻ ഏതറ്റംവരെയും പോകും എന്നു പറയുന്ന കൃഷ്ണകുമാറിൻ്റെ വിഡിയോ ആണ് ഭാമ പങ്കുവച്ചത്. 'അച്ഛൻ' എന്ന് എഴുതി ഹൃദയത്തിന്റെ ഇമോജിക്കൊപ്പമായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറി.
"എൻ്റെ മക്കൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായാൽ ഞാൻ ഏത് ലെവലിലേക്കും പോകും. അത് മക്കളെ വളർത്തുന്ന മാതാപിതാക്കൾക്ക് മനസ്സിലാകും. അതും പെൺകുട്ടികളാണ്, മകൾ ഗർഭിണിയായി ഇരിക്കുന്ന സമയത്താണ് രാത്രി പത്തും പതിനൊന്നും മണിക്ക് വിളിക്കുന്നത് ഞാൻ അവരോട് സംസാരിച്ചത് മാന്യമായ ഭാഷയിലാണ്. എന്റെ മകളെ ഏതോ ഒരുത്തൻ വിളിച്ച് ഭീഷണിപ്പെടുത്തിയാൽ ഇതൊക്കെ കൈവെക്കേണ്ട കേസ് ആണ്. നമ്മൾ നിയമം പാലിച്ചു പോകുന്നതുകൊണ്ടു അതൊന്നും ചെയ്യുന്നില്ല. ഇതെല്ലാം ക്രിമിനൽ ആക്ടിവിറ്റി ആണ്. ഈ പെൺകുട്ടികൾക്ക് പിന്നിൽ ഏതോ ക്രിമിനൽസ് ഉണ്ട്. ഇവരുടെ പിന്നിൽ ആരാണ് അതാണ് അറിയേണ്ടത്.'' കൃഷ്ണകുമാർ വിഡിയോയിൽ പറയുന്നു.
അതേസമയം ദിയ കൃഷ്ണയുടെ സ്ഥാപനത്തിലുണ്ടായ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. വിഷയത്തിൽ ഡിറ്റിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പോലീസ് ആരംഭിച്ചിട്ടുണ്ട്. ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ഉപഭോക്താക്കൾ പണം അയച്ചതിൻ്റെ സ്ക്രീൻ ഷോട്ടും ബിസിനസ് സംബന്ധമായ കാര്യങ്ങൾക്ക് ഇവർ സ്വന്തം ഫോൺ നമ്പർ നൽകിയതിന്റെ വിവരങ്ങളുമടക്കമാണ് ദിയ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങളും കുടുംബം പുറത്ത് വിട്ടിട്ടുണ്ട്.