ഇനിയങ്ങോട്ട് ഒന്നിച്ച്; നടി രവീണ രവി വിവാഹിതയാകുന്നു

ഡബ്ബിങ് ആർടിസ്റ്റും തെന്നിന്ത്യൻ നടിയുമായ രവീണ രവി വിവാഹിതയാകുന്നു. ‘വാലാട്ടി’ എന്ന സിനിമയുടെ സംവിധായകനായ ദേവൻ ജയകുമാർ ആണ് വരൻ. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പ്രണയ വാർത്ത പങ്കുവെച്ചത്. ഡബ്ബിങ് ആർട്ടിസ്റ്റും ഗായകനുമായ രവീന്ദ്രനാഥിന്റേയും ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ശ്രീജ രവിയുടേയും മകളാണ് രവീണ രവി.

വാനപ്രസ്ഥം എന്ന സിനിമയിൽ ഒരു ബാലതാരത്തിന് ഡബ്ബ് ചെയ്തു കൊണ്ടാണ് രവീണ ആറാം വയസിൽ സിനിമയിൽ എത്തുന്നത്. ആ വർഷം തന്നെ എഫ്‌ഐആർ എന്ന ചിത്രത്തിലും ശബ്ദം പകർന്നു. പിന്നീട് വലിയൊരു ഇടവേളയ്ക്ക് ശേഷം 2013ൽ ഏഴ് സുന്ദര രാത്രികൾ എന്ന ചിത്രത്തിലൂടെ ഡബ്ബിങ് രംഗത്ത് സജീവമായി. ഭാസ്‌ക്കർ ദ് റാസ്‌ക്കൽ, ലൗ ആക്ഷൻ ഡ്രാമ എന്നീ സിനിമകളിൽ നയൻതാരയ്ക്ക് ശബ്ദം നൽകി. മുപ്പതിലധികം മലയാള ചിത്രങ്ങളിൽ രവീണ ഡബ്ബ് ചെയ്തിട്ടുണ്ട്.

ഒരു കിടയിൻ കരുണൈ മനു എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് ചുവടുവച്ചു. തുടർന്ന് റോക്കി, ലവ് ടുഡേ, മാമന്നൻ എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ രവീണ അഭിനയിച്ചു. നിത്യഹരിത നായകൻ എന്ന മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

സംവിധായകനും നിർമാതാവുമായ ജയൻ മുളങ്ങാടിന്റെയും ശ്രീകലയുടെയും മകനാണ് ദേവൻ. 2011ൽ ഒരു പരസ്യ ചിത്രത്തിൽ സംവിധായകൻ വികെ പ്രകാശിന്റെ അസിസ്റ്റന്റായിട്ടാണ് ദേവൻ തുടക്കം കുറിച്ചത്. ഹലോ നമസ്‌തേ എന്ന സിനിമയിൽ ക്രിയേറ്റീവ് ഡയറക്റ്ററായി. വാലാട്ടി എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി.

Related Articles
Next Story