മലയാളസിനിമയിലെ മഹാപ്രതിഭ; അടൂര്‍ ഗോപാലകൃഷ്ണന് ഇന്ന് 83ാം പിറന്നാൾ

മലയാള സിനിമയിലെ മഹാപ്രതിഭ അടൂര്‍ ഗോപാലകൃഷ്ണന്‍റെ 83-ാം പിറന്നാളാണിന്ന്. മലയാളത്തിൽ പുതിയ സിനിമാ സംസ്കാരത്തിന് തുടക്കമിട്ടയാണാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. മലയാള സിനിമയെ അന്തര്‍ദേശീയ തലങ്ങളിലേക്ക് അടയാളപ്പെടുത്തിയ അതുല്യ കലാകാരനാണ് അടൂർ ​ഗോപാസകൃഷ്ണൻ.

52 വര്‍ഷത്തെ സിനിമാജീവിതത്തിൽ അണിച്ചൊരുക്കിയത് 12 ഓളം സിനിമകള്‍, കൂടാതെ മുപ്പതിലേറെ ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും.

1972 ല്‍ പുറത്തിറങ്ങിയ സ്വയംവരമാണ് ആദ്യ സിനിമ. ആദ്യ ചിത്രത്തിന് തന്നെ ദേശീയ പുരസ്കാരവും അഡൂരിനെ തേടിയെത്തി.

പിന്നാലെ വന്ന കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകൾ,വിധേയൻ, കഥാപുരുഷൻ, നിഴൽക്കുത്ത്, നാല്‌ പെണ്ണുങ്ങൾ, ഒരു പെണ്ണും രണ്ടാണും, പിന്നെയും തുടങ്ങിയ ചിത്രങ്ങളെല്ലാം മലയാളസിനിമയുടെ തന്നെ രാജ്യാന്തര മേൽവിലാസമായി മാറി.

1941-ൽ മൗട്ടത്ത് ഗൗരിക്കുഞ്ഞമ്മയുടെയും പള്ളിപ്പാട് മാധവനുണ്ണിത്താന്റെയും ഏഴു മക്കളിൽ ആറാമനായി അടൂരിൽ ജനനം. മൗട്ടത്ത് ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ എന്നതാണ് മുഴുവന്‍ പേര്. ജാതിവിരോധത്താൽ, 20ാം വയസ്സിൽ ജാതിവാൽ മുറിച്ചു. നാടകത്തോടുള്ള ആവേശം മൂത്ത് ഇൻവെസ്റ്റിഗേറ്റർ ഉദ്യോഗം ഉപേക്ഷിച്ച് 1962-ൽ പൂനയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് ചലച്ചിത്രകാരനായി.

സംവിധാനം ചെയ്ത് 12 ല്‍ 10 ചിത്രങ്ങള്‍ക്കും ദേശീയ പുരസ്കാരങ്ങള്‍ കരസ്ഥമാക്കി, പ്രധാനപ്പെട്ട എല്ലാ അന്തർദ്ദേശീയമേളകളിലും ചിത്രങ്ങൾ പ്രദർശിപ്പിച്ചു, ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, നിരവധി തവണ അന്തർദ്ദേശീയ നിരൂപകസംഘടനയുടെ ഫിപ്രെസ്‌കി പ്രൈസ് പുരസ്‌കാരം, ഫ്രഞ്ച് സര്‍ക്കാരിന്‍റെ 'കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ്' ബഹുമതി, പത്മശ്രീ ബഹുമതി, പത്മവിഭൂഷൻ, ദാദാ സാഹേബ് ഫാൽക്കേ അവാർഡ്, മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള ദേശീയ ബഹുമതി തുടങ്ങി രാജ്യത്ത് ഒരു ചലച്ചിത്രകാരന് ലഭിക്കാവുന്ന എല്ലാ പുരസ്കാരങ്ങളും അടൂരിനെ തേടിയെത്തി.

Related Articles

Next Story