കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ നിയമനടപടിക്കൊരുങ്ങി ആടുജീവിതം നിർമാതാക്കൾ
കേരള ക്രിക്കറ്റ് ലീഗിലെ ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ നിയമനടപടിക്കൊരുങ്ങി ആടുജീവിതം സിനിമയുടെ നിർമാതാക്കളായ വിഷ്വൽ റൊമാൻസ്. ചിത്രത്തിന്റെ പ്രചാരണത്തിനായി എആർ റഹ്മാൻ ഒരുക്കിയ 'ഹോപ്പ്' എന്ന ഗാനം അനുമതിയില്ലാതെ എഡിറ്റ് ചെയ്ത് ബ്ലൂ ടൈഗേർസിന്റെ ഒഫീഷ്യൽ ആന്തമായി ഉപയോഗിച്ചെന്നാണ് പരാതി. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നിർമാതാക്കളായ വിഷ്വൽ റൊമാൻസ്. ആടുജീവിതത്തിൽ 'ഹോപ്പ്' എന്ന ഗാനത്തിനായി ചിത്രീകരിച്ച വിഷ്വലുകൾ എഡിറ്റ് ചെയ്താണ് ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആഗസ്റ്റ് 30നാണ് കൊച്ചി ബ്ലൂ ടൈഗേർസിന്റെ ഒഫീഷ്യൽ ആന്തം പുറത്തിറങ്ങിയത്. ഗാനത്തിന്റെ പകർപ്പവകാശം ബ്ലൂ ടൈഗേഴ്‌സിന്റെ ഉടമസ്ഥതയിലുള്ള യുകെ കമ്പനിക്ക് കൈമാറിയെങ്കിലും ഏതെങ്കിലും തരത്തിൽ എഡിറ്റ് ചെയ്യാൻ ഉടമസ്ഥതാവകാശം കൈമാറിയിരുന്നില്ലെന്നാണ് നിർമാതാക്കളായ വിഷ്വൽ റൊമാൻസ് പറയുന്നത്. ഇത് കാണിച്ച് നിർമാതാക്കൾ കേരള ക്രിക്കറ്റ് അസോസിയേഷന് നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാൽ പാട്ടിന്റെ അവകാശം പണം കൊടുത്ത് വാങ്ങിയിരുന്നെന്നും അവകാശമുള്ള പാട്ടുകൾ കമ്പനികൾ ഇങ്ങനെ ഉപയോഗിക്കാറുണ്ടെന്നും കൊച്ചി ബ്ലൂ ടൈഗേർസ് ഉടമകൾ പറഞ്ഞു.