"മദ്യപിച്ചതിനു ശേഷം സ്വയം പരുക്കേൽപ്പിക്കും. കിടക്കകളിൽ നിന്നും കസേരകളിൽ നിന്നും വീഴും' മദ്യാസക്തിമറികടന്നതിനെപ്പറ്റി തുറന്ന് പറഞ്ഞ് ഋതിക് റോഷന്റെ സഹോദരി

താനെങ്ങനെ മദ്യാസക്തി മറികടന്നു എന്ന് തുറന്ന് പറഞ്ഞ് നിർമാതാവും ബോളിവുഡ് നടൻ ഹൃത്വിക് റോഷന്റെ സഹോദരിയുമായ സുനൈന റോഷൻ. മദ്യത്തിന് അടിമയായിരുന്ന കാലത്തെ തന്റെ ജീവിതാനുഭവങ്ങൾ അവർ പങ്കുവച്ചു.തന്നെ അലട്ടുന്ന മറ്റു ചില ആരോഗ്യ പ്രശ്‌നങ്ങളെ നേരിടാനുള്ള മാർഗമായാണ് മദ്യത്തിലേക്കു തിരിഞ്ഞതെന്നാണ് സുനൈന റോഷൻ വെളിപ്പെടുത്തിയത്.
"മദ്യപിച്ചതിനു ശേഷം സ്വയം പരുക്കേൽപ്പിക്കും. കിടക്കകളിൽ നിന്നും കസേരകളിൽ നിന്നും വീഴും. മദ്യത്തിന്റെ പ്രഭാവം കുറയുമ്പോൾ ഉത്കണ്ഠയും നിർജ്ജലീകരണവും ഉണ്ടാകും. ഹൃദയമിടിപ്പ് കൂടും. അതു മറികടക്കാൻ കൂടുതൽ കുടിക്കും. ആ സമയത്ത് സുഖം തോന്നും. പകലും രാത്രിയിലും മദ്യപിക്കും. ആ സമയത്ത് എനിക്ക് എന്നെ തന്നെ ഇഷ്ടമല്ലായിരുന്നു. പക്ഷേ, അനന്തരഫലങ്ങൾ ഭയാനകമായിരുന്നു". എന്നാണ് തന്റെ മദ്യപാനത്തെക്കുറിച്ച് സുനൈന പറഞ്ഞത്.
തുടർന്ന് മദ്യത്തിൽ നിന്ന് പുറത്തുകടക്കുന്നതിനുവേണ്ടി പുനരധിവാസകേന്ദ്രത്തിൽ എത്തപ്പെട്ടതിന്റെ അനുഭവങ്ങളും അവർ പങ്കുവച്ചു. "പുനരധിവാസത്തിനായി വിദേശത്തേക്കയയ്ക്കാൻ കുടുംബത്തോട് ആവശ്യപ്പെട്ടത് ഞാൻ തന്നെയാണ്. അവിടെയായിരുന്നപ്പോൾ 28 ദിവസം ഞാൻ ഉറങ്ങിയില്ല. പെർഫ്യൂം, കാപ്പി, പഞ്ചസാര, ചോക്ലേറ്റ് എന്നിങ്ങനെ ആസക്‌തി ഉളവാക്കുന്ന ഒന്നും അനുവദനീയമല്ലായിരുന്നു. അത് കഠിനമായിരുന്നു. മദ്യപിക്കാനുള്ള ഒരു സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ല. പക്ഷേ, അത് എന്നെ വളരെയധികം സഹായിച്ചു''.-സുനൈന പറഞ്ഞു.
പുനരധിവാസകേന്ദ്രത്തിലെ അനുഭവങ്ങളെ കഠിനമായ ഒരു യാത്രയെന്നാണ് സുനൈന വിശേഷിപ്പിച്ചത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സുനൈന ഈ കാര്യങ്ങൾ തുറന്ന് പറഞ്ഞത്.