അല്ലു അർജുന്റെ വില്ലനായി ശേഷം സ്വപ്നതുല്യമായ അവസരങ്ങൾ ലഭിച്ചു; പിന്നെ വീട്ടിലിരിക്കേണ്ടി വന്നു: ജിപി

ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ മലയാളികളുടെ മനസിൽ കയറി കൂടിയ ആർട്ടിസ്റ്റാണ് ജി.പി എന്ന ​ഗോവിന്ദ് പത്മസൂര്യ. സിനിമാ അഭിനയിത്തിലൂടെയാണ് ജി.പി ക്യാമറക്കു മുന്നിലെത്തിയത്. അടയാളങ്ങൾ, ഡാഡി കൂൾ, ഐജി, കോളേജ് ഡെയ്സ് അങ്ങനെ വേറിട്ട കഥാപാത്രങ്ങൾ ജിപി ചെയ്തു. എന്നാൽ 2014ൽ സംപ്രേഷണം ചെയ്തു തുടങ്ങിയ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ജിപിയെ ജനങ്ങൾ കൂടുതൽ തിരിച്ചറിയുന്നത്.

നിരവധി ടെലിവിഷൻ ഷോകളിൽ ജിപി എത്തി. സിനിമകളിൽ വളരെ സെലക്ടീവായാണ് അഭിനയിച്ചത്. വില്ലനായും, നായകനായും, സഹതാരമായും എല്ലാം അഭിനയിച്ചു. തമിഴിലും തെലു​ഗിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

"എനിക്ക് ചാലഞ്ചസ് ഇഷ്ടമാണ്. അതുകൊണ്ടാണ് ഡി ഫോർ ഡാൻസ് സീസൺ 3 ചെയ്യാതെ അടി മോനേ ബസർ എന്ന ക്വിസ് ഷോ ചെയ്തത്. എന്റെ കംഫർട്ട് സോണിൽ നിന്ന് ചെയ്യുകയാണെങ്കിൽ തീർച്ചയായും ഡി ഫോർ ഡാൻസ് 3യിൽ ആങ്കറിം​ഗ് ചെയ്താൽ മതിയായിരുന്നു. കുറേ വർഷം അതേ ഷോയിൽ നിന്നിരുന്നെങ്കിൽ സേഫായിട്ട് കരിയർ മുന്നോട്ട് കൊണ്ടു പോകുവാൻ സാധിക്കും. അത്രക്കും പ്രേക്ഷകരുടെ സപ്പോർട്ട് ലഭിച്ചിരുന്നു.

സിനിമയിൽ പ്രേതം ചെയ്തു കഴിഞ്ഞപ്പോൾ ഷിബുക്കുട്ടനെ പോലുള്ള കഥാപാത്രങ്ങൾ വന്നു കൊണ്ടിരുന്നു. അങ്ങനെ ഒരേ വേഷങ്ങൾ ചെയ്യണ്ട എന്ന തീരുമാനത്തിലാണ് തമിഴിൽ കീ എന്ന സിനിമയിൽ വില്ലനായി അഭിനയിച്ചത്. ആ ചിത്രം ഒരു പരാജയമായിരുന്നു. പക്ഷേ ആ സിനിമ കാരണമാണ് തെലു​ഗിൽ 'അല വൈ​ഗുണ്ടപുരമുലു' എന്ന പ്രൊജക്ട് കിട്ടിയത്." ​ഗോവിന്ദ് പത്മ സൂര്യ പറഞ്ഞു. അല്ലു അർജുന്റെ വില്ലനായി മലയാളികളുടെ ജി.പി സ്ക്രീനിൽ എത്തിയപ്പോൾ ഏറെ അഭിമാനമേറിയ നിമിഷമായിരുന്നു അത്.

"കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടായിരുന്നു 'അല വൈ​ഗുണ്ടപുരമുലു'. ആ ചിത്രത്തിനു ശേഷം തെലു​ഗിൽ നിന്നും സ്വപ്നതുല്യമായ ഒന്നു രണ്ട് അവസരങ്ങൾ വന്നിരുന്നു. ആ സമയത്താണ് ലോക്ക്ഡൗൺ വരുന്നത്. അതോടെ ഞാൻ വീട്ടിലായി. എനിക്ക് വേണമെങ്കിൽ ഒരു ഡിപ്രഷൻ സ്റ്റേജിലേക്ക് പോകാമായിരുന്നു. പക്ഷേ ഞാൻ ഉടനെ യൂട്യൂബ് ചാനൽ തുടങ്ങി വ്ലോ​ഗ് ചെയ്തു. പലരും ചോദിച്ചു ഇത്രയും വലിയ സിനിമക്കു ശേഷം വ്ലോ​ഗ് ചെയ്തു കൊണ്ടിരിക്കുന്നതെന്താണെന്ന്?.

എന്നെ സംബന്ധിച്ച് ഒന്ന് കിട്ടിയില്ലെങ്കിൽ അടുത്തത് എന്നാണ്. വ്ലോ​ഗ് ചെയ്തു തുടങ്ങിയപ്പോൾ പിന്നെ തിരക്കായി. ലോക്ക്ഡൗൺ സമയം കടന്നു പോയതു പോലും അറിഞ്ഞില്ല." ജി.പി കൂട്ടിച്ചേർത്തു. അല്ലു അർജുന്റെ വില്ലനായി ഒരു മലയാളി നടൻ എത്തിയപ്പോൾ വലിയ ആവേശമായിരുന്നു എല്ലാവർക്കും. ജി.പിയുടെ വിവാഹത്തിനു അല്ലു അർജുൻ വരുമോ എന്ന് പലരും ആ​ഗ്രഹിച്ചിരുന്നു.

"അദ്ദേഹവുമായി അടുത്ത ബന്ധം ഒന്നുമില്ല. മെസേജുകൾക്ക് മറുപടി നൽകാറുണ്ട്. എന്റെ വിവാഹത്തിനു ക്ഷണിച്ചിരുന്നു. എന്നാൽ അദ്ദേഹം വരില്ലെന്ന് നേരത്തെ അറിയിച്ചു. അല്ലു അർജുൻ പൊതുവേ കേരളത്തിൽ വരുന്നത് കുറവാണ്. സിനിമയുടെ പ്രമോഷൻസിനു വേണ്ടിയാണ് കൂടുതലും വരാറുള്ളത്. അദ്ദേഹത്തിന്റെ അവസാനം പുറത്തിറങ്ങിയ പുഷ്പ 2021ലായിരുന്നു. അതിനാൽ കേരളത്തിലേക്കുള്ള വരവ് ആ സമയത്ത് ബുദ്ധിമുട്ടാവുമെന്നും പറഞ്ഞിരുന്നു. അദ്ദേഹം വിവാഹത്തിനു ആശംസകൾ അറിയിക്കുകയും ചെയ്തിരുന്നു.

Related Articles
Next Story