കേരളത്തിലെത്തിക്കഴിഞ്ഞപ്പോൾ ഗ്ലാസ് ബൗളിലെ ഗോൾഡ് ഫിഷ് പോലെയായി പോയി; സുപ്രിയ
പൃഥ്വിരാജിനെ പരിചയപ്പെട്ടതും വിവാഹത്തിലേക്കെത്തിയതിനെയും കുറിച്ച് മനസ് തുറന്ന് സുപ്രിയ മേനോൻ. പൃഥ്വിയെ എന്ന സാധാമനുഷ്യനെയാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്നും താരത്തെ ആയിരുന്നില്ലെന്നും താരകുടുംബം എന്നൊന്നും ചിന്തിച്ചിട്ടു പോലും ഇല്ലായിരുന്നെന്നും സുപ്രിയ പറഞ്ഞു. എന്നാൽ വിവാഹത്തിന് ശേഷം കേരളത്തിലെത്തിക്കഴിഞ്ഞപ്പോൾ ഗ്ലാസ് ബൗളിലെ ഗോൾഡ് ഫിഷ് പോലെയായി പോയെന്നും സുപ്രിയ പറഞ്ഞു.
താരകുടുംബം എന്നൊന്നും അന്ന് ആലോചിച്ചിട്ടു കൂടിയില്ല. എൻഡിടിവിയിൽ ജോലി ചെയ്യുമ്പോൾ മലയാള സിനിമകളെക്കുറിച്ചൊരു സ്റ്റോറി ചെയ്യാൻ അസൈൻമെൻറ് ലഭിച്ചു. മമ്മൂട്ടി, മോഹൻലാൽ എന്ന രണ്ടു ‘ബിഗ് എം’ അല്ലാതെ മറ്റൊരു നടനെക്കുറിച്ചു പോലും അന്നറിയില്ല. സഹപ്രവർത്തകയായ കൂട്ടുകാരി ഒരു നമ്പർ തന്നിട്ടു പറഞ്ഞു, ‘മലയാളത്തിലെ ഒരു യുവ താരമാണ്, സിനിമയെക്കുറിച്ചൊക്കെ നല്ല ധാരണയുള്ള കക്ഷിയാണ്. നീ ഒന്നു വിളിച്ചു നോക്ക്. ഉപകാരപ്പെടും.’
ഞാൻ വിളിച്ചു. ആ ഒറ്റ കോൾ ആണ് ജീവിതം മാറ്റി മറിച്ചത്. ഇന്റർവ്യൂവും ഫീച്ചറും നടന്നില്ല. പക്ഷേ, ഞാനും പൃഥ്വിയും കൂട്ടുകാരായി. പുള്ളി വലിയ സ്റ്റാറാണെന്നോ താരകുടുംബത്തിലാണെന്നോ അറിയില്ലായിരുന്നു. പയ്യെപ്പയ്യെ സൗഹൃദം കൂടുതൽ ദൃഢമായി. ഡേറ്റിങ് തുടങ്ങി. തിരക്കിനിടയ്ക്കും പൃഥ്വി മുംബൈയിൽ വരും. എന്റെ കൂടെ ഓട്ടോയിൽ സഞ്ചരിക്കും. ബീച്ചിലിരിക്കും. റോഡരികിൽ നിന്നു ചായ കുടിക്കും.
അക്കാലത്ത് എല്ലാ പുസ്തകങ്ങളും രണ്ടെണ്ണം വാങ്ങും. ഒന്നു പൃഥ്വിക്കാണ്. വായന കഴിഞ്ഞ് അതേക്കുറിച്ച് സംസാരിക്കും. നാലുവർഷത്തെ പരിചയത്തിനു ശേഷമാണു വിവാഹം തീരുമാനിക്കുന്നത്. എന്നോടൊത്തു നടന്ന പൃഥ്വിയെ ആണു വിവാഹം കഴിക്കാൻ തീരുമാനിച്ചത്. അല്ലാതെ താരത്തെ ആയിരുന്നില്ല.
അതുകൊണ്ടുതന്നെ കേരളത്തിലെത്തിക്കഴിഞ്ഞാലുള്ള ജീവിതത്തെക്കുറിച്ച് ആലോചിച്ചിട്ടേയില്ല. പക്ഷേ, ഇവിടെ എത്തിക്കഴിഞ്ഞപ്പോൾ ഗ്ലാസ് ബൗളിലെ ഗോൾഡ് ഫിഷ് പോലെയായി പോയി. എല്ലാവരും എന്നെ നോക്കുന്നു, പലരും ശ്രദ്ധിക്കുന്നു, പറഞ്ഞ വാക്കുകൾ പലതും വാർത്തയാകുന്നു, വിവാദമാകുന്നു- സുപ്രിയ പറഞ്ഞു.