ജീവനക്കാരുടെ ആരോപണങ്ങളിൽ പ്രതികരിച്ച് അഹാന കൃഷ്ണ

തിരുവനന്തപുരം: ദിയകൃഷ്ണയുടെ കുടുംബത്തിന് നേരെ സ്ഥാപനത്തിലെ മുൻ ജീവനക്കാർ നൽകിയ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികരിച്ച് അഹാന കൃഷ്ണ. ജീവനക്കാരുമായുള്ള ഒത്തു തീർപ്പ് ചർച്ചയിൽ അഹാനയും ഭാഗമായിരുന്നു. സാമ്പത്തിക ക്രമക്കേട് പുറത്തുവന്നതോടെ ഒത്തുതീര്‍പ്പിനായി ജീവനക്കാരാണ് തങ്ങളെ കാണാന്‍ വന്നതെന്നും ഒടുക്കം രക്ഷപ്പെടാനായി വ്യാജ പരാതി നല്‍കുകയായിരുന്നുവെന്നും അഹാന പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അഹാന ഇക്കാര്യം വ്യക്തമാക്കിയത്.
നാല് വര്‍ഷം മുന്‍പ് സഹോദരി ദിയ കൃഷ്ണ ആരംഭിച്ച ‘ഓ ബെ ഓസി’ എന്ന ബിസിനസ് സംരംഭം വിജയകരമായി മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ കുറച്ചുമാസങ്ങളായി കടയിലെ മൂന്ന് ജീവനക്കാര്‍ സ്ഥാപനത്തിലെ ക്യൂആര്‍ കോഡ് മാറ്റി സ്വന്തം ക്യൂആര്‍ കോഡ് സ്ഥാപിച്ച് പണം തട്ടുകയായിരുന്നു. ദിയയുടെ അറിവില്ലാതെ കടയിലെ ആഭരണങ്ങള്‍ റീസെല്ലിംഗും ചെയ്തുവന്നിരുന്നു. ഗര്‍ഭിണിയായ ശേഷമുള്ള അനാരോഗ്യത്തെ തുടര്‍ന്ന് ദിയ കടയിലേക്ക് പോയിരുന്നില്ല. ഈ മൂന്ന് ജീവനക്കാരെ പൂര്‍ണ്ണമായി വിശ്വസിച്ചായിരുന്നു സ്ഥാപനം മുന്നോട്ട് പോയത്. മെയ് 29 നാണ് ഞങ്ങള്‍ കാര്യങ്ങള്‍ അറിയുന്നത്. പിന്നാലെ മെയ് 30 ന് മൂന്ന് പേരും കുടുംബത്തോടൊപ്പം തങ്ങളെ വന്നുകാണുകയും കുറ്റം സമ്മതിക്കുകയും തട്ടിയ പണം തിരികെ തരുമെന്ന് അറിയിക്കുകയും ചെയ്തു. ബാങ്ക് സ്റ്റേറ്റ്‌മെന്റ് പ്രകാരം ഏകദേശം 70 ലക്ഷം രൂപയായിരുന്നു ഇതെന്നും അഹാന വ്യക്തമാക്കി.
‘മൂന്നോ നാല് ദിവസത്തിന് ശേഷം ഞങ്ങളുടെ കുടുംബത്തിനെതിരെ പരാതികൊടുക്കാനുള്ള ഒരു മോശം ബുദ്ധി ആരോ അവര്‍ക്ക് ഉപദേശിച്ചുകൊടുത്തു. കുറ്റം സമ്മതിക്കാനായി ഞങ്ങള്‍ അവരെ തട്ടിക്കൊണ്ടുപോയെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി. ഒത്തുതീര്‍പ്പിനായി അവര്‍ ഞങ്ങളെ വന്നു കണ്ടുവെന്നതാണ് സത്യത്തില്‍ സംഭവിച്ചത്. വളരെ മാന്യമായാണ് അവരോട് സംസാരിച്ചത്. ജൂണ്‍ 2 നാണ് അവര്‍ വ്യാജ പരാതി നല്‍കിയത്. അവര്‍ എന്റെ കുടുംബത്തിനെതിരായ കെട്ടിച്ചമച്ച കേസിന്റെ വിവരങ്ങള്‍ പുറത്തുവിടുകയും കുടുംബത്തെ അപകീര്‍ത്തിപ്പെടുകയും ചെയ്തു. അവര്‍ കുറ്റം സമ്മതിക്കുന്ന വീഡിയോ പുറത്തുവിട്ട് അവരെ തുറന്നുകാട്ടുകയെന്നത് മാത്രമാണ് മുന്നിലുണ്ടായിരുന്ന വഴി. അതാണ് സംഭവിച്ചത്. ഇപ്പോള്‍ കാര്യങ്ങളെല്ലാം ഓക്കെയാണ്. ഈ മൂന്ന് തട്ടിപ്പുകാര്‍ക്കെതിരെയും ഇതെല്ലാം ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചവര്‍ക്കെതിരെയും ഞങ്ങള്‍ നിയമപരമായി മുന്നോട്ട് പോകും’, അഹാന പറയുന്നു.
അതേസമയം ഇന്നലെ വൈകിട്ട് കേസിലെ കൂടുതൽ ദൃശ്യങ്ങൾ കുടുംബം പുറത്തുവിട്ടിരുന്നു. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാറിന്റെ ചാനലിലൂടെയാണ് ജീവനക്കാർ കുറ്റം സമ്മതിക്കുന്ന വീഡിയോ പുറത്തുവിട്ടത്. പരാതി നൽകിയ ജീവനക്കാർ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ ദുർബലപ്പെടുത്തുന്നതാണ് വീഡിയോ ദൃശ്യം. പണം എടുത്തതായി ജീവനക്കാർ ഇതിൽ സമ്മതിക്കുന്നുണ്ട്. കൂടാതെ പണമെടുത്തെന്ന് പറഞ്ഞ് ദിയ ജീവനക്കാരുമായി നടത്തുന്ന ഫോൺ സംഭാഷണം ജീവനക്കാർ തന്നെ പുറത്ത് വിട്ടിരുന്നു. അതിലും തങ്ങൾ പണം എടുത്തു എന്ന് സമ്മതിക്കും വിധം തന്നെയാണ് ജീവനക്കാരുടെ സംഭാഷണം. 69 ലക്ഷം രൂപ സ്ഥാപനത്തിലെ ക്യൂ ആർ കോഡ് മാറ്റി തൊഴിലാളികളായ മൂന്നു സ്ത്രീകൾ തട്ടിപ്പ് നടത്തി എന്നതാണ് ദിയ കൃഷ്ണകുമാറിന്റെ പരാതി.