സായ് ദുർഗ തേജ് ചിത്രത്തിൽ നായികയായി ഐശ്വര്യ ലക്ഷ്മി; ഫസ്റ്റ് ലുക്ക് പുറത്ത്
തെലുങ്ക് താരം സായ് ദുർഗ തേജ് നായകനായെത്തുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രത്തിൽ നായികയായി മലയാളിയും തെന്നിന്ത്യൻ താരവുമായ ഐശ്വര്യ ലക്ഷ്മി. 'വിരൂപാക്ഷ', 'ബ്രോ' എന്നിവയുടെ ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾക്ക് ശേഷം സായി ദുർഗ തേജ് നായകനാവുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത് കെ പിയാണ്. ഹനുമാൻ്റെ പാൻ ഇന്ത്യ വിജയത്തിന് ശേഷം, നിർമ്മാതാക്കളായ കെ നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്ന് പ്രൈംഷോ എന്റർടൈൻമെൻ്റിൻ്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നു. SDT18 എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ, വസന്ത എന്ന് പേരുള്ള ശ്കതമായ കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്നത്.
ഐശ്വര്യ ലക്ഷ്മിയുടെ ജന്മദിനം പ്രമാണിച്ചാണ് ഇതിലെ നായികാ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. മരുഭൂമി പോലുള്ള ഭൂപ്രകൃതിയിൽ സജ്ജീകരിച്ചിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ, തരിശുഭൂമിയിലെ ഉന്മേഷദായകമായ ഒരു കാറ്റ് പോലെയാണ് ഐശ്വര്യയെ അവതരിപ്പിച്ചിരിക്കുന്നത്. ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു വലിയ സെറ്റിലാണ് ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്നത്. വമ്പൻ ബഡ്ജറ്റിലൊരുക്കുന്ന ഈ പീരീഡ് ആക്ഷൻ ഡ്രാമയിൽ, അതിശക്തനായ ഒരു കഥാപാത്രമായാണ് സായി ദുർഗ തേജ് അഭിനയിക്കുന്നത്.
തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ പാൻ ഇന്ത്യ റിലീസായി ചിത്രം പ്രദർശനത്തിനെത്തും. രചന, സംവിധാനം- രോഹിത് കെ പി, നിർമ്മാതാക്കൾ - കെ. നിരഞ്ജൻ റെഡ്ഡി, ചൈതന്യ റെഡ്ഡി, ബാനർ - പ്രൈംഷോ എന്റർടെയ്ൻമെന്റ്, പിആർഒ - ശബരി.