ഞാൻ മരിച്ചിട്ടില്ല, ഇവിടെ തന്നെ ഉണ്ട്: കളിയാക്കലുകളിൽ പ്രതികരിച്ച് അക്ഷയ് കുമാർ
തുടർച്ചയായി സിനിമകള്‍ പരാജയപ്പെടുന്നതിന്റെ പേരില്‍ താന്‍ നേരിടേണ്ടി വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബോളിവുഡ് താരം അക്ഷയ് കുമാർ. ഞാൻ മരിച്ചിട്ടില്ല ഇവിടെ തന്നെയുണ്ട്, പൂർവാധികം ശക്തിയോടെ ജോലി ചെയ്തുകൊണ്ടിരിക്കുമെന്ന് അക്ഷയ്കുമാർ പറഞ്ഞു. സിനിമകൾ ഫ്ലോപ്പ് ആകുന്നതിന്റെ പേരിൽ തനിക്ക് അനുശോചന സന്ദേശങ്ങളാണ് വരുന്നത് എന്ന് അക്ഷയ് കുമാർ പറയുന്നു. താൻ സ്വയം അധ്വാനിച്ചാണ് ജീവിക്കുന്നതെന്നും തന്നെ തേടി സിനിമകൾ വരുന്നിടത്തോളം കാലം ജോലി ചെയ്യുമെന്നും അക്ഷയ് കുമാർകൂട്ടിച്ചേർത്തു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'ഖേല്‍ ഖേല്‍ മേം’ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റിനിടെയാണ് അക്ഷയ് കുമാർ ഇക്കാര്യം വ്യക്തമാക്കിയത്.
‘‘ചില സിനിമകള്‍ നന്നായില്ലെന്ന് കരുതി തന്നെ എഴുതിത്തള്ളാന്‍ ശ്രമിക്കുന്നുണ്ട്. എന്തു തന്നെ സംഭവിച്ചാലും നല്ലതിന് വേണ്ടിയാണ്. പരാജയങ്ങളെക്കുറിച്ച് അധികം ചിന്തിക്കാറില്ല. എന്റെ നാലോ അഞ്ചോ സിനിമകള്‍ വിജയിച്ചില്ല. സിനിമകള്‍ പരാജയപ്പെടുമ്പോള്‍ ചിലര്‍ സന്ദേശങ്ങള്‍ അയക്കും. ഞാന്‍ മരിച്ച് കഴിഞ്ഞ് അയയ്ക്കുന്ന അനുശോചന സന്ദേശം പോലെയാണ് അവ തോന്നുക. ഒരിക്കല്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ 'അക്ഷയ് കുമാര്‍ തിരിച്ചുവരും' എന്ന് എഴുതി. ഞാന്‍ അദ്ദേഹത്തെ വിളിച്ച് ഞാന്‍ അതിന് എവിടെയാണ് പോയത് എന്ന് ചോദിച്ചു. കഠിനാധ്വാനം ചെയ്യുന്നതിലാണ് ശ്രദ്ധ. ഞാന്‍ ഇവിടെയുണ്ട്. എന്റെ ജോലി തുടരും. ’ അക്ഷയ് കുമാർ പറയുന്നു.
ഒരു കാലത്ത് ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ഹിറ്റ് സിനിമകള്‍ ചെയ്തിരുന്ന താരമാണ് അക്ഷയ് കുമാര്‍. പക്ഷേ, കോവിഡ് കാലത്തിന് ശേഷം താരത്തിന്റേതായി പുറത്തിറങ്ങിയ സിനിമകൾ മിക്കതും പരാജയപ്പെട്ടിരുന്നു. അടുത്തിടെ റിലീസ് ചെയ്ത ‘സര്‍ഫിര’ എന്ന സിനിമ പോലും തിയേറ്ററില്‍ പരാജയപ്പെട്ടു. ‘ഖേല്‍ ഖേല്‍ മേം’ എന്ന ചിത്രമാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ.
'ഖേല്‍ ഖേല്‍ മേം' എന്ന ചിത്രം ഓഗസ്റ്റ് 15 ന് റിലീസ് ചെയ്യും. തപ്സി പന്നു, വാണി കപൂര്‍, ഫര്‍ദീന്‍ ഖാന്‍, ആമി വിര്‍ക്ക്, ആദിത്യ സീല്‍, പ്രഗ്യാ ജയ്സ്വാള്‍ എന്നിവരാണ് ഈ ചിത്രത്തില്‍ വേഷമിടുന്നത്. ഹാപ്പി ഭാഗ് ജായേഗി, പതി പട്നി ഔര്‍ വോ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ മുദസര്‍ അസീസ് ആണ് ഈ കോമഡി ഡ്രാമയായ 'ഖേല്‍ ഖേല്‍ മേം' സംവിധാനം ചെയ്തിരിക്കുന്നത്. ഇതും ഒരു ഇറ്റാലിയൻ സിനിമയുടെ റീമേക്ക് ആണ്.