'അമ്മ'യിൽ ഇന്ന് തിരഞ്ഞെടുപ്പ് ചൂട്; ജനറൽ സെക്രട്ടറി ആകാൻ കടുത്ത മത്സരം
മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്. കൊച്ചിയിൽ നടക്കുന്ന വാർഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹൻലാലും, ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കഴിഞ്ഞ 25 വർഷമായി ജനറൽ സെക്രട്ടറിയായിരുന്ന ഇടവേള ബാബു സ്ഥാനമൊഴിയുന്നു എന്നതാണ് ഇത്തവണ നടക്കുന്ന അമ്മ സംഘടന തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. സിദ്ധിഖ്, ഉണ്ണി ശിവപാൽ, കുക്കു പരമേശ്വരൻ എന്നിവരാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പത്രിക നൽകിയിരിക്കുന്നത്.
അമ്മയുടെ നിലവിലെ ട്രഷററായ സിദ്ദിഖിന്റെ കാലാവധി ജൂൺ 30ന് പൂർത്തിയാകും. ഈ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ച ഏക വ്യക്തിയായതിനാൽ പുതിയ ഭാരവാഹിയായി ഉണ്ണി മുകുന്ദൻ സ്ഥാനമേൽക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷനെ കൂടാതെ മഞ്ജു പിള്ള, ചേർത്തല ജയൻ എന്നിവരാണ് മത്സര രംഗത്തുള്ളത്.
സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, എന്നിവരും മത്സരിക്കുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വനിതകൾ ഉൾപ്പെടെ 15 പേരും പത്രിക നൽകിയിട്ടുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ 11 തസ്തികകളിലായി 12 പേരാണ് മത്സരരംഗത്തുള്ളത്. ടൊവിനോ തോമസൊഴികെ കാലാവധി പൂർത്തിയാക്കിയ കമ്മറ്റിയിൽ നിന്ന് ആരും ഇത്തവണ മത്സരിക്കുന്നില്ല.