'അമ്മ'യുടെ നൃത്ത ശില്പശാലയ്ക്ക് തുടക്കം
സിനിമ, കലാ മേഖലകളിൽ താൽപ്പര്യമുള്ള പൊതുജനങ്ങൾക്കായി സിനിമാ താരങ്ങളുടെ സംഘടനയായ അമ്മ നൃത്തശില്പശാല നടത്തി. അമ്മയുടെ ആസ്ഥാന മന്ദിരത്തിൽ നടത്തിയ പരിപാടി പ്രസിഡന്റ് മോഹൻലാൽ ഉദ്ഘാടനം ചെയ്തു.
പുതിയൊരു കവാടം തുറക്കുന്നതുപോലെയുള്ള ശ്രമമാണിതെന്നും ഇതിലൂടെ ഒരുപാട് പുതിയ കാര്യങ്ങളിലേക്ക് കടക്കാൻ 'അമ്മ'യ്ക്ക് സാധിക്കുമെന്നാണ് വിശ്വാസിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. സിനിമയുടെ പല മേഖലകളിലേക്ക് കടന്നുവരാൻ ഒരുപാട് പേർക്ക് വഴിയൊരുങ്ങും. നൃത്തത്തിലും അഭിനയത്തിലുമുള്ള പ്രതിഭകളെ എത്തിച്ച് പുറമേ നിന്നുള്ളവർക്ക് പരിശീലനത്തിനുള്ള അവസരമൊരുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.
പൊതുജനങ്ങൾക്ക് കൂടി ഉപകാരമാകുന്ന പരിപാടി നടത്തണമെന്ന ആശയത്തിൽ നിന്നാണ് നൃത്ത ശിൽപ്പശാല നടത്തുന്നതെന്ന് 'അമ്മ' ജനറൽ സെക്രട്ടറി സിദ്ധിഖ് പറഞ്ഞു. രചന നാരായണൻകുട്ടിയാണ് രണ്ടുദിവസത്തെ നൃത്ത ശില്പശാലയ്ക്ക് നേതൃത്വം നൽകുന്നത്. ആദ്യഘട്ട ശില്പശാലയിൽ 32 കുട്ടികൾ പങ്കെടുത്തു. പൊതുജനങ്ങൾക്കുവേണ്ടി ആദ്യമായാണ് അമ്മയുടെ നേതൃത്വത്തിൽ ശില്പശാല നടത്തുന്നത്. 12 വയസ്സുമുതലുള്ളവർക്കാണ് ശില്പശാലയിൽ പങ്കെടുക്കാനാവുക.