അവതരിപ്പിച്ചതിൽ ഏറ്റവും സംതൃപ്തി അനുഭവപ്പെട്ട കഥാപാത്രമാണത്: അന്ന ബെൻ
‘കൂഴങ്കൽ’ എന്ന ചിത്രത്തിന് ശേഷം പി എസ് വിനോദ് രാജ് സംവിധാനം ചെയ്ത ‘കൊട്ടുകാളി’ തീയേറ്ററുകളിലേക്ക് എത്തുകയാണ്. നേരത്തെ ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയർ നടത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.
അന്ന ബെൻ, സൂരി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തിലെത്തിയത്. അന്ന ബെന്നിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് കൊട്ടുകാളി. നേരത്തെ തെലുങ്ക് ചിത്രം കൽക്കിയിൽ കെയ്റ എന്ന കഥാപാത്രമായെത്തി മികച്ച പ്രകടനമാണ് അന്ന ബെൻ കാഴ്ചവെച്ചത്.
ഇപ്പോഴിതാ കൊട്ടുകാളിയെ കുറിച്ച് സംസാരിക്കുകയാണ് അന്ന ബെൻ. “എന്റെ ആദ്യ തമിഴ് സിനിമ. കപ്പേള കണ്ടാണ് സംവിധായകൻ പി. എസ് .വിനോദ് രാജ് വിളിക്കുന്നത്. ആസമയത്ത് കഥ മാത്രമേ ആയുളളു. കഥ കേട്ടപ്പോൾതന്നെ ഇഷ്ടപ്പെട്ടു. വിനോദ് സാറിന്റെ ആദ്യ ചിത്രം കൂഴങ്കല്ല് കണ്ടിട്ടുണ്ട്. കൊട്ടുകാളിയുടെ കഥ കേൾക്കുമ്പോൾ കഥാപാത്രത്തിലൂടെ സഞ്ചരിക്കുന്നത് പോലെ പലപ്പോഴും തോന്നി.
ഇതുവരെ അവതരിപ്പിച്ചതിൽ ഏറ്റവും സംതൃപ്തി അനുഭവപ്പെട്ട കഥാപാത്രം. ഒരുപാട് ഇഷ്ടം തന്ന സിനിമയാണ് കൊട്ടുകാളി. വേറിട്ട ഗെറ്റപ്പിൽ എത്തുന്ന മീന എന്ന കഥാപാത്രം ഏറെ പ്രത്യേകത നിറഞ്ഞതാണ്. ഞാൻ വിചാരിച്ചതിലും നല്ല രീതിയിൽ ചെയ്യാൻ സാധിച്ചു എന്നാണ് വിശ്വസിക്കുന്നത്.” എന്നാണ് അന്ന ബെൻ പറഞ്ഞത്.
ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ് കൊട്ടുകാളി. നടൻ ശിവ കാർത്തികേയന്റെ പ്രൊഡക്ഷൻ കമ്പനിയായ ശിവകാർത്തികേയൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.