പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ അവതാർ മൂന്നാം ഭാഗം; 'അവതാർ: ഫയർ ആൻറ് ആഷ്' വരുന്നു...

സൻഫ്രാൻസിസ്കോ: സിനിമാ പ്രേമികളെ ആഗോള തലത്തിൽ വിസ്മയിപ്പിച്ച ജെയിംസ് കാമറൂണിൻറെ ചലച്ചിത്ര ഫ്രഞ്ചെസി 'അവതാറിൻറെ' മൂന്നാം ഭാഗം പ്രഖ്യാപിച്ചു. 'അവതാർ: ഫയർ ആൻറ് ആഷ്' എന്നാണ് മൂന്നാം ഭാ​ഗത്തിന്റെ പേര്. കാലിഫോർണിയയിലെ ഡി23 എക്സ്പോയിലാണ് സംവിധായകൻ ജെയിംസ് കാമറൂൺ ചിത്രത്തിൻറെ പ്രഖ്യാപനം നടത്തിയത്. 2022 ൽ ഇറങ്ങിയ അവതാർ വേ ഓഫ് വാട്ടർ സിനിമയുടെ തുടർച്ചയായി എത്തുന്ന ചിത്രം 2025 ഡിസംബർ 19ന് തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.

അവതാർ സിനിമയിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സോ സാൽഡാനയും സാം വർത്തിംഗ്ടണും പ്രഖ്യാപന വേളയിൽ സന്നിഹിതരായിരുന്നു. തീജ്വാലകൾക്ക് മുകളിലൂടെ നൃത്തം ചെയ്യുന്ന സൽഡാനയുടെ കഥാപാത്രമായ നെയ്ത്തിരിയുടെ ചിത്രം ഉൾപ്പെടെയുള്ള സിനിമയിൽ നിന്നുള്ള കൺസെപ്റ്റ് ആർട്ടും കാമറൂൺ ചടങ്ങിൽ അവതരിപ്പിച്ചു.

"നിങ്ങൾ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത കൂടുതൽ പൻറോറയെ പുതിയ ചിത്രത്തിൽ നിങ്ങൾ കാണും, ഈ ഭാഗം തീർത്തും അഡ്വഞ്ചറായതും ഒപ്പം ദൃശ്യ വിരുന്നും ആയിരിക്കും. ഒപ്പം മുൻ ചിത്രങ്ങളെക്കാൾ കൂടിയ വൈകാരികത ഈ ചിത്രത്തിലുണ്ടാകും. അവതാറിൽ നിങ്ങൾക്ക് അറിയുന്നതും ഇഷ്ടപ്പെടുന്നതുമായ എല്ലാ കഥാപാത്രങ്ങളും ഞങ്ങൾ ശരിക്കും വെല്ലുവിളി നിറഞ്ഞ പുതിയ ഇടത്തേക്ക് ഈ ചിത്രത്തിൽ സഞ്ചരിക്കും" ജെയിംസ് കാമറൂൺ പറഞ്ഞു.

ഫ്രാഞ്ചൈസിയുടെ ആദ്യ ചിത്രമായ അവതാർ 2009 ലാണ് പുറത്തിറങ്ങിയത്. തുടർന്ന് ഇതിൻറെ തുടർച്ചയായ അവതാർ: ദി വേ ഓഫ് വാട്ടർ 2022-ൽ പുറത്തിറങ്ങി. നാവി എന്ന ആദിമ വർഗ്ഗം വസിക്കുന്ന പാൻറോറയിലേക്ക് റിസോഴ്‌സസ് ഡെവലപ്‌മെൻറ് അഡ്മിനിസ്‌ട്രേഷൻ (ആർഡിഎ) വീണ്ടും അധിനിവേശത്തിന് എത്തുന്നതും അവരുമായുള്ള നാവികളുടെ പോരാട്ടവും തന്നെയായിരുന്നു അവതാർ: ദി വേ ഓഫ് വാട്ടറും അവതരിപ്പിച്ചത്. ഇതിൽ പാൻറോറയിലെ കടൽ ജീവിതയും കാണിച്ചിരുന്നു.

രണ്ടാം ഭാഗത്തിൻറെ തുടർച്ചയായിരിക്കും 'അവതാർ: ഫയർ ആൻറ് ആഷ്' എന്നാണ് വിവരം. ഈ പുതിയ നാവി വംശമായ ആഷ് ഗോത്രത്തെ പുതിയ ചിത്രത്തിൽ അവതരിപ്പിക്കും. ഗെയിം ഓഫ് ത്രോൺസ് ഫെയിം ഊന ചാപ്ലിൻ ആഷ് പീപ്പിൾ നേതാവായ വരംഗിനെ അവതരിപ്പിക്കും എന്നാണ് വിവരം. ഡേവിഡ് തെവ്‌ലിസ്, മിഷേൽ യോ എന്നിവരും ചിത്രത്തിലുണ്ടാകും.

Related Articles
Next Story