ബാബുവിന്റെ ജീവിതം മാറ്റിമറിച്ച് ബേബി ശാലിനി
ബേബി ശാലിനിയേയും അനിയത്തി ശ്യാമിലിയേയും പോലെ മലയാളികളുടെ ഹൃദയം കവർന്ന ബാലതാരങ്ങൾ മലയാളസിനിമയിൽ വേറെ ഉണ്ടായിട്ടുണ്ടോയെന്നു തന്നെ സംശയമാണ്. ശാലിനിയാണ് ആദ്യം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. തൊട്ടുപിന്നാലെ ശ്യാമിലിയും അഭിനയത്തിൽ എത്തി. രണ്ടാം വയസിലാണ് ശ്യാമിലി അഭിനയിച്ചു തുടങ്ങുന്നത്. മലയാളത്തിൽ മാത്രമല്ല, തമിഴ്, തെലുങ്ക്, കന്നട ഭാഷാചിത്രങ്ങളിലും ഈ സഹോദരിമാർ തിളങ്ങി നിന്നു.
ബേബി ശാലിനിയുടെയും ശ്യാമിലിയുടെയും സിനിമാജീവിതത്തിന്റെ ക്രെഡിറ്റ് മുഴുവൻ നൽകേണ്ടത് മറ്റൊരാൾക്കാണ്, ഇരുവരുടെയും പിതാവായ എ.എസ്.ബാബുവിന്. കുട്ടികൾക്കൊപ്പം ലൊക്കേഷനുകളിൽ നിന്നും ലൊക്കേഷനുകളിലേക്കുള്ള യാത്രയായിരുന്നു ബാബുവിൻ്റെത്. അച്ഛൻ മാത്രമായിരുന്നില്ല ശാലിനിയും ശ്യാമിലിയ്ക്കും ബാബു, ആ ലിറ്റിൽ സൂപ്പർസ്റ്റാറുകളുടെ മാനേജരും ബാബുവായിരുന്നു എന്നു പറയാം.
ശാലിനിയുടെയും ശ്യാമിലിയുടെയും റിച്ചാർഡിന്റെയുമെല്ലാം പിതാവായ ബാബുവിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെട്ടൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജിഹാസ് ജലു എന്ന വ്യക്തിയാണ് ബാബുവിനെ കുറിച്ചുള്ള ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. സംവിധായകൻ ലാൽ ജോസും ഈ വൈറൽ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
കുറിപ്പിന്റെ പൂർണരൂപം:
ഫോട്ടോ കണ്ടാൽ ആളെ മനസിലാകണമെന്നില്ല.
സാക്ഷാൽ രജനികാന്തും, ജയലളിതയും ഒക്കെ താമസിക്കുന്ന പോയസ് ഗാർഡനിൽ വീട്, 90കളിൽ തന്നെ ആഡംബര കാറുകൾ, ചെന്നൈയിലും, ബാംഗ്ലൂരിലും, ഹൈദരാബാദിലുമൊക്കെ പ്ലോട്ടുകൾ, എല്ലാം സിനിമയിൽ നിന്നും ലഭിച്ച പണം ഉപയോഗിച്ച്. പക്ഷെ, ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല. ഒരു സിനിമ പോലും സംവിധാനം ചെയ്തിട്ടില്ല, നിർമ്മിച്ചിട്ടില്ല. സിനിമയുടെതായ ഒരു ടെക്നികൽ പ്രവർത്തികളും ചെയ്തിട്ടില്ല.
ആളെക്കുറിച്ച് പറയുന്നതിന് മുമ്പ് അല്പം ചരിത്രം പറയാം. കൊല്ലം ജില്ലയിൽ ജനനം, ചെറുപ്പത്തിലേ സിനിമ തലക്കു പിടിച്ചിരുന്നു. അന്നത്തെ തെന്നിന്ത്യൻ സിനിമയുടെ ആസ്ഥാനമായിരുന്ന മദ്രാസിൽ എത്തിച്ചേരണം, സിനിമയിൽ എന്തെങ്കിലുമൊക്കെ ആകണം എന്ന അതീവ ആഗ്രഹത്തിന്റെ സമ്മർദത്തിൽ ബാബുവും കൂട്ടുകാരനും കള്ളവണ്ടി കയറി മദ്രാസിലെത്തി. എന്നാൽ പ്രതീക്ഷിച്ചതു പോലെ എളുപ്പമായിരുന്നില്ല സിനിമയിൽ കയറിപ്പറ്റുന്നത്. പട്ടിണിയും പരിവട്ടവുമായി കുറച്ചു ദിവസം കഴിഞ്ഞതോടെ കൂട്ടുകാരൻ തിരിച്ചു നാട്ടിലേക്ക് പോയി. ബാബു മദ്രാസിൽ തന്നെ ഉറച്ചു നിന്നു. അതിനിടയിൽ ഒരു കടയിൽ ജോലിക്ക് കയറി. മിടുക്കനായ ബാബുവിന്റെ പരിശ്രമ ഫലമായി ആ ചെറിയ കട അഭിവൃദ്ധിപ്പെട്ടു. കടയുടമ അയ്യർ മറ്റൊരു കട തുടങ്ങി അത് പൂർണമായും ബാബുവിനെ ഏല്പിച്ചു.
അതിനടുത്തുണ്ടായിരുന്ന മലയാളി കുടുംബത്തിലെ പെൺകുട്ടിയുമായി പ്രണയം. വീട്ടുകാരുടെ കൂടി സമ്മതത്തോടെ 1976ൽ ആലീസിനെ വിവാഹം കഴിച്ചു. അടുത്ത വർഷം അവർക്കൊരാൺകുട്ടി ജനിച്ചു - റിചാർഡ്. പക്ഷെ ജീവിതം സത്യത്തിൽ ദുസ്സഹമായിരുന്നു. കടയിലെ കച്ചവടം കുറഞ്ഞുവന്നു. വാടകക്ക് വീടെടുത്ത് മാറിയതിനാൽ ചിലവ് താങ്ങാവുന്നതിലധികമായിരുന്നു.
അങ്ങനെയിരിക്കെ ആ ബുദ്ധിമുട്ടേറിയ കാലത്ത് 1979ൽ ബാബു-ആലീസ് ദമ്പതിമാർക്ക് ഒരു പെൺകുട്ടി ജനിച്ചു. ബാബുവിന്റെ ജീവിതം അപ്പാടെ മാറ്റിമറിച്ച, താൻ സ്വപ്നം കണ്ടതിനപ്പുറത്തേക്ക് അവരുടെ ജീവിതത്തെ പറിച്ചു നട്ട ആ പെൺകുട്ടിയുടെ പേര് ശാലിനി എന്നായിരുന്നു. മിടുമിടുക്കിയായിരുന്ന അവൾ കുഞ്ഞിലേ തന്നെ കടയിൽ വരുന്നവരെ അനുകരിച്ച് കാണിക്കുമായിരുന്നു. ആ പരിസരത്തെ എല്ലാവരുടെയും പ്രിയങ്കരിയായിരുന്നു അവൾ.
ഫോട്ടോഗ്രാഫി ഇഷ്ടപ്പെട്ടിരുന്ന ബാബു തന്റെ മക്കളുടെ ചിത്രങ്ങൾ ധാരാളം എടുത്തു കൂടിയിരുന്നു. ചില വാരികകളിൽ അവ അയച്ചുകൊടുക്കുകയും പ്രസീദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അത്തരം ഒരു ഫോട്ടോ കണ്ട നവോദയ ജിജോ ബാബുവിന്റെ കടയിലെ നമ്പർ കണ്ടെത്തി വിളിച്ചു, അടുത്ത ദിവസം ബാബു ശാലിനിയുമായി നവോദയയുടെ ഓഫീസിലെത്തി. നവോദയയുടെ ഫാസിൽ സംവിധാനം ചെയ്യുന്ന 'എന്റെ മാമാട്ടിക്കുട്ടിയമ്മക്ക്' എന്ന ചിത്രത്തിലേക്ക് ബാലതാരത്തെ അന്വേഷിച്ചു മടുത്തിരുന്ന അവർക്ക് ശാലിനിയുടെ രൂപവും കുസൃതികളും ഇഷ്ടമായി.
അഭിനയിപ്പിച്ചു നോക്കിയപ്പോൾ തങ്ങൾ പ്രതീക്ഷിച്ചതിലും അപ്പുറം തിരിച്ചു തന്ന ആ പെൺകുട്ടിയെ പിന്നീട് ലോകം വിളിച്ചത് 'ബേബി ശാലിനി' എന്നായിരുന്നു. ആദ്യ ചിത്രത്തിൽ തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ്.
പിന്നീട് ഒരു തേരോട്ടമായിരുന്നു. തമിഴിലും, തെലുങ്കിലും കന്നഡയിലുമൊക്കെ മാറി മാറി അഭിനയം, നായകന്മാരേക്കാൾ പ്രതിഫലം. ബേബി ശാലിനിയെ കണ്ടു തിരക്കഥകൾ രചിക്കപ്പെടുന്നു. പ്രൊഡ്യൂസർമാർ ബാബുവിന്റെ മുന്നിൽ ഡേറ്റിനായി വരിനിൽക്കുന്നു. സ്വയം സമ്പാദിച്ചു ആദായ നികുതി അടക്കുന്ന ഏറ്റവും ചെറിയ പ്രായത്തിലുള്ള വ്യക്തി എന്ന റെക്കോർഡ് ഇന്നും തകർക്കപ്പെട്ടിട്ടില്ല.
മമ്മൂട്ടിയും, രജനികാന്തും, ചിരഞ്ജീവിയും, അമ്പരീഷുമെല്ലാം ബേബി ശാലിനിക്കായി കാത്തു നിൽക്കേണ്ടി വന്നു. ഹിന്ദിയിലുൾപ്പടെ ചിത്രങ്ങൾ. ഉൽഘാടനത്തിനായി പണം വാങ്ങിയ ആദ്യ തെന്നിന്ത്യൻ സെലിബ്രിറ്റി. 90കളോടെ ബേബി ശാലിനി ബേബി അല്ലാതായി. പക്ഷെ ബാബുവിന്റെ സുവർണ കാലഘട്ടം അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള ഒരിടവേള മാത്രമായിരുന്നു അത്.
1987ൽ ബാബു -ആലീസ് ദമ്പതിമാർക്ക് രണ്ടാമത്തെ പെൺകുട്ടി ജനിച്ചിരുന്നു. ശാമിലി എന്ന ബേബി ശാമിലി.സുഹാസിനിയുടെ കണ്ടെത്തൽ - മൂന്നാം വയസിൽ അഭിനയിച്ച മണിരത്നം ചിത്രമായ അഞ്ജലിയിലൂടെ 'ദേശീയ അവാർഡ് '. അടുത്ത വർഷം അഭിനയിച്ച ഭരതൻ ചിത്രം 'മാളൂട്ടി' യിലെ അഭിനയത്തിന് കേരള സംസ്ഥാന അവാർഡ്.
അതെ വർഷം അഭിനയിച്ച കന്നട ചിത്രം 'മാതെ ഹായ്‌ഡു കോകിലെ' എന്ന ചിത്രത്തിലെ അഭിനയത്തിന് കന്നട സർക്കാരിന്റെ മികച്ച ബാലതരത്തിനുള്ള അവാർഡ്. ശാലിനിയേക്കാൾ പതിന്മടങ്ങ് പ്രതിഫലം. ബാബു ആവശ്യപ്പെടുന്നതെത്രയണോ അതാണ് ബേബി ശാലിനിയുടെ പ്രതിഫലം. പക്ഷെ തന്റെ മാതൃഭാഷയായ മലയാളത്തിൽ ഏറ്റവും കുറഞ്ഞ പ്രതിഫലത്തിലാണ് അദ്ദേഹം തന്റെ രണ്ടു മക്കളെയും അഭിനയിപ്പിച്ചത്.
മറ്റു ഭാഷകളിൽ ഓഫർ ചെയ്യപ്പെട്ട പ്രതിഫലത്തിന്റെ പകുതിയോളം മാത്രമേ അദ്ദേഹം മലയാളത്തിൽ നിന്നും ആവശ്യപ്പെട്ടിട്ടുള്ളൂ, മാത്രമല്ല മലയാളത്തിൽ നിന്നുള്ള റോളുകൾക്ക് മുൻഗണന നൽകുകയും ചെയ്തു.
സൂപ്പർ തരങ്ങൾക്കൊപ്പം എല്ലാ ഭാഷകളിലും പണം ലഭിച്ചിട്ടും മക്കളുടെ വിദ്യാഭ്യാസത്തെ അതൊന്നും ബാധിക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. ഹൈസ്കൂൾ കാലഘട്ടത്തോടെ 2 മക്കളുടെയും സിനിമാ ജീവിതത്തിന് അദ്ദേഹം ബ്രേക്ക് നൽകി. അങ്ങനെ ഒരു സിനിമയിൽ പോലും അഭിനയിക്കാതെ, സിനിമയിൽ ക്രീയേറ്റീവ് ആയി ഒന്നും ചെയ്യാതെ ബാബു എന്ന ആ മനുഷ്യൻ സിനിമയുടെ എല്ലാമെല്ലാമായി. സിനിമ സ്വപ്നം കണ്ട അദ്ദേഹം പതിറ്റാണ്ട് കാലം സിനിമാ സെറ്റിലെ ഏറ്റവും വിലയുള്ള വ്യക്തിയായി.