‘കയ്യടിച്ചോ, അല്ലെങ്കിൽ ഞാൻ ബാക്കി പാടും’; ചിരിപ്പിച്ച് ബേസിൽ; കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് അനശ്വരയും നിഖിലയും
‘ഗുരുവായൂരമ്പല നടയിൽ’ എന്ന ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിനിടെ പാട്ട് പാടി വേദിയുണർത്തി നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ചിത്രത്തിലെ ‘കെ ഫോർ കല്യാണം’ എന്ന പാട്ടിന്റെ വരികളാണ് ബേസിൽ പാടിയത്. ചൊവ്വാഴ്ച കൊച്ചിയിൽ വച്ചു നടന്ന ആഘോഷ വേളയിലായിരുന്നു ബേസിലിന്റെ രസകരമായ പ്രകടനം.
പാട്ടിനിടെ ‘കയ്യടിച്ചോ, അല്ലെങ്കിൽ ഞാൻ ബാക്കി പാടും’ എന്ന നടന്റെ രസിപ്പിക്കും ഡയലോഗ് വേദിയിലും സദസ്സിലുമുള്ളവരെ ഒരുപോലെ ചിരിപ്പിച്ചു. ബേസിലിന്റെ വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് ആരാധകശ്രദ്ധ നേടിക്കഴിഞ്ഞു. നടിമാരായ നിഖില വിമലും അനശ്വര രാജനും ബേസിലിന്റെ പാട്ട് കയ്യടികളോടെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
‘ഗുരുവായൂരമ്പല നടയിൽ’ എന്ന ചിത്രത്തിനു വേണ്ടി അങ്കിത് മേനോൻ ചിട്ടപ്പെടുത്തിയ ഗാനമാണ് ‘കെ ഫോർ കല്യാണം’. സുഹൈൽ കോയ വരികൾ കുറിച്ചു. പാട്ട് ഇതിനകം 80 മില്യനിലധികം ആരാധകരെ നേടിക്കഴിഞ്ഞു. ചിത്രത്തിലെ മറ്റു ഗാനങ്ങളും ആസ്വാദകശ്രദ്ധ നേടിയിരുന്നു. വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടെയ്ൻമെന്റിന്‍റെ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി.സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.