പരിശ്രമത്തെ അംഗീകരിച്ചതിൽ അഭിമാനം, ഗോകുൽ അർഹിക്കുന്ന പുരസ്കാരം- ബ്ലെസി
ആടുജീവിതത്തിന് ലഭിച്ച പുരസ്കാരങ്ങളിലും അംഗീകാരങ്ങളിലും അതീവ സന്തോഷം സംവിധായകൻ ബ്ലെസി. പ്രേക്ഷകരും ജൂറിയും തങ്ങളുടെ പരിശ്രമത്തെ അംഗീകരിച്ചതിൽ അഭിമാനം തോന്നുന്നുണ്ടെന്നും എന്നാൽ ചിത്രത്തിലെ സംഗീതത്തെ പരിഗണിക്കാതിരുന്നതിൽ വിഷമമുണ്ടെന്നും ബ്ലെസി കൂട്ടിച്ചേർത്തു . ജൂറിയുടെ തീരുമാനത്തെ എതിർക്കുന്നതിൽ അർഥമില്ലെന്നും തൻ്റെ വിഷമം പങ്കുവെയ്ക്കുക മാത്രമാണെന്നും ബ്ലെസി പറഞ്ഞു.
'സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അംഗീകാരമെന്ന നിലയില്‍ അവാര്‍ഡ് വളരെ സന്തോഷം നല്‍കുന്നതാണ്. പ്രത്യേകിച്ച് ആടുജീവിതത്തിന് പ്രധാന അവാർഡുകളിൽ 9-ഓളം പുരസ്‌കാരം ലഭിക്കുന്നു. ഇത് മൂന്നാം തവണയാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ് എനിക്ക് ലഭിക്കുന്നത്. അതിനു മുമ്പ് നവാഗത സംവിധായകനുള്ള അവാര്‍ഡും ലഭിച്ചു. എട്ടു സിനിമകള്‍ ചെയ്തിട്ട് നാലു തവണ പുരസ്‌കാരം ലഭിച്ചു എന്നത് ഏറെ സന്തോഷകരമാണ്. ഏറ്റവും സന്തോഷം തരുന്നത് ഗോകുലിന് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചു എന്നതാണ്. ഗോകുൽ ആ ചിത്രത്തിനായെടുത്ത കഠിനാധ്വാനം വളരെ വലുതാണ്. എന്നാൽ സിനിമയിലെ പാട്ടുകള്‍ പരിഗണിക്കാതെ പോയതില്‍ ഖേദമുണ്ട്. ആ സിനിമയെ മനോഹരമാക്കിയതില്‍ ഗാനങ്ങളും പശ്ചാത്തലസംഗീതവും വലിയ പങ്ക് വഹിക്കുന്നുണ്ട്. ജൂറിയുടെ തീരുമാനത്തെ എതിര്‍ക്കുകയല്ല അത് വിഷമമുണ്ടാക്കി എന്ന് പറഞ്ഞുവെന്ന് മാത്രം.
പ്രേക്ഷകരുമായി സംവദിക്കാൻ കഴിയുക എന്നതാണ് സിനിമയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം. ആടുജീവിതം അത്രയേറെ വായിക്കപ്പെട്ട നോവലാണ്. അപ്പോൾ 43 അധ്യായങ്ങളിലുള്ള, വായനക്കാരൻ്റെ മനസ്സിൽ അത്രയേറെ ആഴത്തിൽ പതിഞ്ഞ ആ നോവലിനെ തിരക്കഥയാക്കുക എന്നതായിരുന്നു ഈ സിനിമയുടെ മേക്കിങ്ങില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞത്. ചെറിയ മാറ്റങ്ങൾ വരുത്തി, പുതിയ സ്വീകൻസുകൾ കൂട്ടിച്ചേർത്തു, അതിനെ പ്രേക്ഷകരും ജൂറിയും അംഗീകരിച്ചു. ആ അവാര്‍ഡിനെ മാനിക്കുന്നു.' : ബ്ലെസിയുടെ വാക്കുകൾ